ന്യൂഡൽഹി
സിനിമയുടെ വ്യാജ പതിപ്പ് നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നുവർഷംവരെ തടവ് നിഷ്കർഷിക്കുന്ന നിയമഭേദഗതി പാസാക്കി രാജ്യസഭ. സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്ലാണ് ശബ്ദവോട്ടോടെ പാസാക്കിയത്. തടവിനു പുറമെ മൂന്നുലക്ഷംമുതൽ സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനംവരെ പിഴയും ഈടാക്കും.
1957ലെ പകർപ്പവകാശ നിയമം അനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ പരിമിതമായി ഉള്ളടക്കം ഉപയോഗിക്കാമായിരുന്നെങ്കിൽ പുതിയ നിയമഭേദഗതി അനുസരിച്ച് ഇതും കുറ്റകരമായി. പൈറസിമൂലം രാജ്യത്തെ സിനിമാ വ്യവസായത്തിന് 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നത് തടയുന്നതിനാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ പറഞ്ഞു.
സിനിമകൾക്കുള്ള പ്രായാധിഷ്ഠിത സർട്ടിഫിക്കേഷനും പരിഷ്കരിച്ചു. ‘എ’ സർട്ടിഫിക്കേഷനുള്ള ചിത്രം പ്രായപൂർത്തിയായവർക്കുമാത്രം നിഷ്കർഷിക്കപ്പെടുന്നത് തുടരും. ‘യുഎ’ സർട്ടിഫിക്കറ്റ് പ്രായമനുസരിച്ച് മൂന്നു വിഭാഗമാക്കി. ഏഴു വയസ്സിനു മുകളിലുള്ളവർ, 13 വയസ്സിനു മുകളിലുള്ളവർ, 16 വയസ്സിനു മുകളിലുള്ളവർ എന്നിങ്ങനെയാണ് വിഭജിച്ചത്.
ഈ വിഭാഗക്കാർക്ക് രക്ഷിതാക്കളുടെ മാർഗനിർദേശത്തോടെ മാത്രമേ ചിത്രങ്ങൾ കാണാൻ അനുവാദമുള്ളൂ. എ, എസ് സർട്ടിഫിക്കറ്റുള്ള സിനിമകൾ ടെലിവിഷനിലോ മറ്റു മാധ്യമങ്ങളിലോ പ്രദർശിപ്പിക്കണമെങ്കിലും കേന്ദ്രത്തിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമാണ്.