ന്യൂഡൽഹി
എട്ടു മാസംമുമ്പ് ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അതിർത്തിസംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്തെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിദോദോ ഒരുക്കിയ വിരുന്നിനൊടുവിലാണ് മോദിയും ഷിയും ചർച്ച നടത്തിയത്. ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ഇരു നേതാക്കളും സംസാരിച്ചെന്ന് വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ മോദിയും ഷിയും ബാലിയിൽ അഭിപ്രായ സമന്വയത്തിൽ എത്തിയെന്ന് കഴിഞ്ഞദിവസം ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് അംഗരാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിക്കിടെ അജിത് ദോവലും ചൈനീസ് വിദേശമന്ത്രി വാങ്യിയും തമ്മിൽ കൂടിക്കാഴ്ചയും നടത്തി.
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 2020 ജൂൺ 15നുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് പക്ഷത്തും ആൾനാശമുണ്ടായെന്ന് റിപ്പോർട്ട് വന്നു. അതിർത്തിയിൽ ഇപ്പോഴും ആയിരക്കണക്കിനു സൈനികരെ വിന്യസിച്ചിട്ടുണ്ട്. സേനാപിന്മാറ്റം സാധ്യമാക്കാൻ ഇരുരാജ്യത്തെയും സൈനിക കമാൻഡർമാർ തമ്മിൽ പലവട്ടം ചർച്ച നടത്തി.