ന്യൂഡല്‍ഹി> കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വത്തില്‍ സ്വീകരിച്ച നയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ ശുചിത്വ സുരക്ഷിതത്വത്തില്‍ ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഓഗസ്റ്റ് 31-നകം നിലപാട് അറിയിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കിയ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പാര്‍ഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
കുറഞ്ഞ നിരക്കില്‍ നാപ്കിനുകള്‍ നല്‍കുന്നതിനുള്ള സാധ്യത നയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഉപയോഗ ശേഷം നാപ്കിനുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തിലും നയം രൂപീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.