പനോം പെൻ
കംബോഡിയയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഹുൻ സെന്നിന്റെ കംബോഡിയൻ പീപ്പിൾസ് പാർടി (സിപിപി)ക്ക് വിജയം. 84 ശതമാനം പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ സിപിപി പാർലമെന്റിലെ 125 സീറ്റും ഉറപ്പിച്ചു. മുപ്പത്തെട്ട് വർഷമായി ഭരിക്കുന്ന ഹുൻ സെൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കാലയളവ് അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ്. ആഴ്ചകൾക്കുള്ളിൽ അദ്ദേഹം മകൻ ഹുൻ മാനെറ്റിന് അധികാരം കൈമാറുമെന്നും വിവരമുണ്ട്.
മേയിൽ പ്രധാന പ്രതിപക്ഷ പാർടിയായ കാൻഡിൽലൈറ്റ് പാർടിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കിയിരുന്നു. ഫലത്തിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പെന്ന ആരോപണം ശക്തമാണ്. പതിനേഴ് ചെറുപാർടികൾ മത്സരിച്ചിരുന്നു. എന്നാൽ, ഇവ സീറ്റൊന്നും നേടില്ലെന്നാണ് വിലയിരുത്തൽ.