കൊച്ചി
തമിഴ്സിനിമാ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ അഭിനേതാക്കളെയോ സാങ്കേതിക കലാകാരന്മാരെയോ ബാധിക്കില്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും സംസ്ഥാനത്തിന്റെ വരുമാനനഷ്ടം ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണിതെന്ന് ഫെഫ്സി അറിയിച്ചു. മലയാളസിനിമാ സാങ്കേതികപ്രവർത്തകരുടെ ഫെഡറേഷനായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ കത്തിന് ഫെഫ്സി ചെയർമാൻ ആർ കെ സെൽവമണിയാണ് മറുപടി നൽകിയത്.
തമിഴ്സിനിമകളിൽ തമിഴ്നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്നാടിന് പുറത്താകരുത്, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്സിയുടെ നിർദേശങ്ങൾ പ്രചരിച്ചത് വിവാദമായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിനേതാക്കളും സാങ്കേതിക കലാകാരന്മാരും രണ്ടിടത്തെയും സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്. വാർത്തകൾ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് വ്യക്തതതേടിയതെന്ന് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പുറത്ത് ചിത്രീകരണം നടക്കുമ്പോൾ തമിഴ്നാട്ടുകാരായ തൊഴിലാളികളെ ഒഴിവാക്കാതിരിക്കാനും സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കുന്നത് തടയാനുമാണ് നിർദേശമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഫെഫ്സിയുടെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. തമിഴ്സിനിമാ മേഖലയിലെ 23 സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്സി. കാൽലക്ഷത്തോളം അംഗങ്ങളാണുള്ളത്.