കാസർകോട്> കോളേജിനെയും വിദ്യാർഥികളെയും അപമാനിച്ച കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ മഞ്ചേശ്വരം ഗവ. കോളേജിലേക്ക് സ്ഥലം മാറ്റി. കടുത്ത അച്ചടക്ക ലംഘനം കാട്ടിയതിനും പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയും ചെയ്തെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് രമയെ കോഴിക്കോട് കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രമ നൽകിയ പരാതിയിൽ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റം പിൻവലിക്കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. വിരമിക്കാൻ ഏഴുമാസംമാത്രം മാത്രമുള്ളത് പരിഗണിച്ച് മഞ്ചേശ്വരം ഗവ. കോളേജിലേക്ക് രമയെ മാറ്റിനിയമിച്ചു. രമയെ കാസർകോട് കോളേജിൽ തുടരാൻ അനുവദിക്കുന്നത് പഠനാന്തരീക്ഷത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കുടിവെള്ള പ്രശ്നത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ഇൻചാർജായിരുന്ന ഡോ. എം രമ മുറിയിൽ പൂട്ടിയിട്ടിരുന്നു.
വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ച ശബ്ദരേഖയും പുറത്തുവന്നു. കേട്ടാലറയ്ക്കുന്ന ഭാഷയിലും വാക്കുകളിലുമാണ് ഡോ. എം രമ വിദ്യാർഥികളെയും എസ്എഫ്ഐയെയും അസഭ്യം പറഞ്ഞത്. അധ്യാപകരും രക്ഷിതാക്കളും കോളേജ് പിടിഎയും ഒന്നാകെ ഇവരെ തള്ളി പരസ്യ പ്രസ്താവന നടത്തി.കോളേജിന് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.