തിരുവനന്തപുരം
സോളാർ പീഡനക്കേസ് വാർത്തയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് കുറിപ്പ് ദേശാഭിമാനിക്കെതിരെ ഉപയോഗിക്കാനിറങ്ങിയവർക്ക് തിരിച്ചടി. ദേശാഭിമാനിയുടെ മുൻ കൺസൽട്ടിങ് എഡിറ്റർ എൻ മാധവൻകുട്ടിയുടെ കുറിപ്പാണ് യുഡിഎഫ് മാധ്യമങ്ങൾ ആയുധമാക്കിയത്. ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പകുതിവഴിയിലെത്തി നിൽക്കവേയാണ് മനോരമ ഉൾപ്പെടെ മാധവൻകുട്ടിയുടെ കുറിപ്പിൽ തൂങ്ങിയത്. എന്നാൽ, കുറിപ്പിട്ട മാധവൻകുട്ടി അബദ്ധം മനസ്സിലാക്കി പിൻവാങ്ങിയതോടെ ഏറ്റുപിടിക്കാനിറങ്ങിയവർ ത്രിശങ്കുവിലായി. മാധവൻകുട്ടിയുടെ ആദ്യ കുറിപ്പിൽനിന്ന്:
‘സരിത വിഷയത്തിൽ ഉമ്മൻചാണ്ടിക്കുനേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന് അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നു.’
രണ്ടാമത്തെ കുറിപ്പ്: ‘ഞാൻ ദേശാഭിമാനിയിൽനിന്നു പോന്നത് 2015 ഡിസംബർ 30നാണ് എന്നത് വസ്തുത. അതുകൊണ്ട് എന്റെ “കുമ്പസാര’ പോസ്റ്റ് ഞാൻ ദേശാഭിമാനിയെയും അതുവഴി സിപിഐ എമ്മിനെയും രാഷ്ട്രീയമായി അപമാനിക്കാൻ ചെയ്തതാണെന്ന് സോളാർക്കേസിന്റെ നാൾവഴി അറിയുന്ന ആരും വിശ്വസിക്കുകയില്ലയെന്ന് പ്രതീക്ഷിക്കുന്നു. അതിനപ്പുറം എനിക്കു ഈ വിഷയത്തിൽ ഒന്നും പറയാനില്ല.’
സരിതയുടെ കത്ത് വച്ച് ആദ്യം പീഡനവാർത്ത കൊടുത്തത് ഏഷ്യനെറ്റ് ന്യൂസാണ്. ഇത് അവലംബമാക്കി 2016 ഏപ്രിൽ നാലിനാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്. ‘ സരിതയുടെ കത്ത് ഏഷ്യാനെറ്റ് പുറത്തുവിട്ടു’ എന്നായിരുന്നു വാർത്ത. മാസങ്ങൾക്ക് മുമ്പ് 2015 ഡിസംബറിൽ ദേശാഭിമാനി വിട്ട മാധവൻകുട്ടിക്ക് ആ വാർത്തയുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാണ്. മനോരമ ഉൾപ്പടെ എല്ലാ പത്രങ്ങളും ഇതേ വാർത്ത പ്രസിദ്ധീകരിച്ചു. വസ്തുതയുമായി ബന്ധമില്ലാത്ത ഫെയ്സ്ബുക് കുറിപ്പും അതിനെ തുടർന്നുള്ള വാർത്തകളും തുടർച്ചയായി വരുന്നത് കോൺഗ്രസിൽ തന്നെ ചില ഗ്രൂപ്പുകളിൽ സംശയത്തിനിട നൽകിയിട്ടുണ്ട്. നവമാധ്യമങ്ങളിലും ഒരു വിഭാഗം ഇത് ആയുധമാക്കി. സോളാർ പീഡനക്കേസിൽ ആരോപണ വിധേയരായ ചില നേതാക്കൾ ഇപ്പോഴും ജനപ്രതിനിധികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൂടി കൂട്ടി വായിക്കണമെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു.















