കൊച്ചി
എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞ് വർഷങ്ങൾ കാത്തിരുന്ന് കേന്ദ്രസർവീസിൽ ലഭിച്ച നിയമനം പ്രധാനമന്ത്രിയുടെ തൊഴിൽദാനമാക്കി മാറ്റുന്നതിന് ‘റോസ്ഗാർ മേള’ ഒരുങ്ങി. ആർആർബി, ഐബിപിഎസ്, എസ്എസ്സി എന്നിവയുടെ മത്സരപരീക്ഷയും അഭിമുഖവും പാസായി നിയമനത്തിന് അർഹരായ 119 പേർക്കാണ് ശനിയാഴ്ച കൊച്ചിയിൽ റോസ്ഗാർ മേളയിൽ നിയമന ഉത്തരവ് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായും കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാല നേരിട്ടും പങ്കെടുത്ത് നിയമന ഉത്തരവ് നൽകും.
സ്റ്റാഫ് സെലക്ഷൻ കമീഷന്റെ മത്സരപരീക്ഷയിലൂടെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ക്ലറിക്കൽ തസ്തികയിൽ നിയമനം ലഭിച്ച എട്ടുപേർക്കും മേളയിൽ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നിയമനം ലഭിച്ച 43 റെയിൽവേ ടിക്കറ്റ് ചെക്കർ കം കമേഴ്സ്യൽ ക്ലർക്കുമാർക്കും മേളയിലാണ് നിയമനം നൽകുന്നത്.
അപ്രഖ്യാപിത നിയമനനിരോധനവും തസ്തിക വെട്ടിച്ചുരുക്കലും നിലനിൽക്കുന്ന റെയിൽവേയിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും പരിമിത ഒഴിവുകളിലേക്കുള്ള നിയമനങ്ങളാണ് ‘റോസ്ഗാർ മേള’യിലെ തൊഴിൽദാനമാക്കുന്നത്. റെയിൽവേ, എൻപിഒഎൽ, തപാൽവകുപ്പ്, ആദായനികുതിവകുപ്പ്, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ പരിമിതമായ ഒഴിവുകളിലേക്ക് മൂന്നും നാലും വർഷം കൂടുമ്പോഴാണ് ഇപ്പോൾ സ്ഥിരംനിയമന വിജ്ഞാപനം വരുന്നത്. ഈ മത്സരപരീക്ഷ വിജയിച്ചവര്ക്കാണ് നിയമന പ്രഹസനം നേരിടേണ്ടിവരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പാണ് കേന്ദ്രസർക്കാർ നിയമനങ്ങൾ പ്രധാനമന്ത്രിയുടെ തൊഴിൽദാനമായി തെറ്റിദ്ധരിപ്പിക്കുന്ന മേളകൾ തുടങ്ങിയത്. ഇതിന്റെ മൂന്നാംഘട്ടമായാണ് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ മേള നടത്തുന്നത്. തിരുവനന്തപുരത്തും മേളയുണ്ട്. ഐബിപിഎസ് പരീക്ഷയിലൂടെ യൂണിയൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ജൂൺ 13ന് ഇതുപോലെ റോസ്ഗാർ മേളയിൽ നിയമന ഉത്തരവ് നൽകിയത് വിവാദമായിരുന്നു.















