തിരുവനന്തപുരം/കൊല്ലം/കോട്ടയം
തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് രാവിലെ 7.20ന് ആരംഭിച്ച വിലാപയാത്ര ഏറെ വൈകിയാണ് ഓരോ പോയിന്റും പിന്നിട്ടത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലായിരുന്നു അവസാനയാത്ര. വഴിയോരങ്ങളിൽ മണിക്കൂറുകൾ കാത്തുനിന്നവർ പൂക്കൾ വിതറിയും കണ്ണീർ പൊഴിച്ചും യാത്രാമൊഴിയേകി.
തലസ്ഥാനജില്ല കടക്കാൻ എട്ടു മണിക്കൂറെടുത്തു. കൊല്ലം ജില്ലാ അതിർത്തിയായ നിലമേലിൽ പകൽ മൂന്നിനാണ് എത്തിയത്. കുളക്കട, കൊട്ടാരക്കര,ഏനാത്തു വഴി രാത്രി വൈകി പത്തനംതിട്ട ജില്ലയിലേക്ക് കടന്നു. കുടുംബാംഗങ്ങൾ, മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.
സംസ്കാരം വ്യാഴം പകൽ 3.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പ്രത്യേകമൊരുക്കിയ കബറിടത്തിൽ നടക്കും. സംസ്കാരശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പ്രധാന കാർമികത്വം വഹിക്കും. സംസ്കാരദിനമായ വ്യാഴാഴ്ചകൂടി സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരും. കുടുംബത്തിന്റെ താൽപ്പര്യപ്രകാരം സംസ്കാരച്ചടങ്ങിൽനിന്ന് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. പുതുപ്പള്ളിയിൽ സുരക്ഷാസന്നാഹം വർധിപ്പിച്ചിട്ടുണ്ട്.