ന്യൂഡൽഹി
സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്കൂൾ രജിസ്റ്റർ തുടങ്ങിയ രേഖകൾ പോക്സോ കേസ് ഇരയുടെ പ്രായം തെളിയിക്കുന്നതിന് മതിയായ തെളിവല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, അരവിന്ദ്കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പോക്സോ നിയമാനുസൃതം ഒരാളെ ഇരയായി കണക്കാക്കുന്നതിൽ തർക്കമുണ്ടായാൽ കോടതികൾ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 94–-ാം വകുപ്പ് പിന്തുടരണം.
ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ രേഖ, ബന്ധപ്പെട്ട പരീക്ഷാബോർഡ് അനുവദിച്ച മെട്രിക്കുലേഷൻ, തത്തുല്യ സർട്ടിഫിക്കറ്റ്, ഇവയൊന്നും ലഭ്യമല്ലെങ്കിൽ കോർപറേഷനോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ അനുവദിച്ച ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രായം നിശ്ചയിക്കേണ്ടതെന്ന് ജെ ജെ ആക്ടിൽ വ്യവസ്ഥയുണ്ട്. ഈ രേഖകൾ ഒന്നും ലഭ്യമല്ലെങ്കിൽ ശാസ്ത്രീയമായ പരിശോധനാ റിപ്പോർട്ടുകളെ ആശ്രയിക്കാമെന്നും നിയമത്തിൽ പറയുന്നുണ്ട്.
ടിസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇരയുടെ പ്രായം തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസിലെ പ്രതി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. പെൺകുട്ടിക്ക് 18 വയസ്സിൽ കൂടുതലുണ്ടെന്ന് പരിശോധനകൾക്കുശേഷം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയെന്നും പ്രതി വാദിച്ചു. എന്നാൽ, മദ്രാസ് ഹൈക്കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. സ്കൂൾരേഖകളുടെ അടിസ്ഥാനത്തിൽ ഇരയുടെ പ്രായം നിർണയിച്ചതിൽ തെറ്റില്ലെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി നിലപാട് നിയമപ്രകാരം തെറ്റാണെന്ന് സുപ്രീംകോടതി വിലയിരുത്തി സുപ്രീംകോടതി ശിക്ഷ റദ്ദാക്കി.