തിരുവനന്തപുരം> മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ വിലാപയാത്ര തുടരുന്നു. ഉമ്മന് ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര കൊല്ലം ജില്ലയിലേക്ക് കയറി. ചടയമംഗലത്തും വന് ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അര്പ്പിക്കാന് എത്തിയത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്നിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച യാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്പ്പിക്കാനായി കാത്തുനില്ക്കുന്നത്.
പലയിടങ്ങളിലും ജനത്തിരക്ക് മൂലം പതിയെയാണ് യാത്ര സഞ്ചരിക്കുന്നത്. യാത്ര കടന്നു പോകുന്നതിനാല് എംസി റോഡിലും ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം വ്യക്തമാക്കി. മതപരമായ ചടങ്ങുകള് മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു.പിതാവിന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന് ചാണ്ടി ഉമ്മനും പറഞ്ഞു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
ഉമ്മന് ചാണ്ടിയുടെ നിര്യാണത്തില് മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മന്ത്രിസഭ പാസ്സാക്കിയ അനുശോചന പ്രമേയം
മുന് മുഖ്യമന്ത്രിയും നിലവില് പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല് എയുമായിരുന്ന ഉമ്മന് ചാണ്ടിയുടെ നിര്യാണത്തില് മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഉമ്മന് ചാണ്ടി കേരളത്തിനു നല്കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില് ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള് കൊണ്ട് അളക്കാന് കഴിയാത്ത നിലയില് ഉയര്ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്ചാണ്ടിയുടെ സ്ഥാനം. കെ എസ് യു വിലൂടെ കോണ്ഗ്രസിലെത്തി ആ പാര്ട്ടിയുടെ നേതൃത്വത്തിലും ഗവണ്മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്ത്തിച്ച ഉമ്മന്ചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില് വലിയ പങ്കുവഹിച്ചു.
ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന് എന്നനിലയ്ക്കും ജനകീയപ്രശ്നങ്ങള് സമര്ത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന് എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ല് പുതുപ്പള്ളി നിയോജകമണ്ഡലത്തില് നിന്നും നിയമസഭയിലെത്തിയ ഉമ്മന്ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വര്ഷങ്ങള് തുടര്ച്ചയായി എം എല് എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില് നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്ചാണ്ടിയുടെ റിക്കോര്ഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്കിയ സംഭാവനകള് അവിസ്മരണീയമാണ്. യു ഡി എഫ് കണ്വീനര് എന്ന നിലയില് നടത്തിയ രാഷ്ട്രീയപ്രവര്ത്തനവും സ്മരണീയമാണ്.
കോട്ടയം ജില്ലയില് ബുധന് ഉച്ചയ്ക്ക് 01.00 മണി മുതല് പൊലീസ് ഏര്പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്.
1. എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള് സിമന്റ് കവലയില് നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല് ബൈപ്പാസ്, തിരുവാതുക്കല്, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില് എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള് തിരുവാതുക്കല്, അറുത്തൂട്ടി വഴി പോവുക.
2. എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള് മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള് മണിപ്പുഴ ജംഗ്ഷനില് നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
3. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങള് സിയേഴ്സ് ജംഗ്ഷന്, നാഗമ്പടം ബസ് സ്റ്റാന്റ്, റെയില്വേ സ്റ്റേഷന്, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്ക്കറ്റ് വഴി എം എല് റോഡ് കോടിമത ഭാഗത്തേക്ക് പോവുക.
4. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് ബേക്കര് ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷന് വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്ഡിലേക്ക് പോവുക.
5. നാഗമ്പടം സ്റ്റാന്റില് നിന്നും കാരാപ്പുഴ, തിരുവാതുക്കല്,ഇല്ലിക്കല് ഭാഗത്തേക്ക് പോകേണ്ട ബസ്സുകള് ബേക്കര് ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല് ഭാഗത്തേക്കുപോവുക.
6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള് കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള് കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്ഡിലേക്ക് പോകേണ്ടതാണ്.
വാഹനങ്ങള് പാര്ക്ക് ചെയ്യേണ്ട സ്ഥലങ്ങള് താഴെ കൊടുത്തിരിക്കുന്നു.
1 ) തിരുനക്കര അമ്പലം മൈതാനം ( ഡിപ്പാര്ട്ട്മെന്റ് വാഹനങ്ങള് മാത്രം )
2 ) തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനം ( കാര് മുതലായ ചെറു വാഹനങ്ങള് )
3 ) സി.എം.എസ് കോളേജ് റോഡ് ( കാര് മുതലായ ചെറു വാഹനങ്ങള് )
4 ) തിരുനക്കര ബസ് സ്റ്റാന്ഡ് ( കാര് മുതലായ ചെറു വാഹനങ്ങള് )
5 ) ജെറുസലേം ചര്ച്ച് മൈതാനം ( കാര് മുതലായ ചെറു വാഹനങ്ങള് )
6 ) കുര്യന് ഉതുപ്പ് റോഡ് (ബസ് മുതലായവ )
7 ) ഈരയില്ക്കടവ് ബൈപാസ് ( ബസ് മുതലായവ )















