ഹൽദ്വാനി> ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അങ്കിത് ചൌഹാൻ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകി നൽകിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവത്തിൽ അങ്കിതിൻറെ കാമുകിയും പാമ്പാട്ടിയുമടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലായ ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നെന്നും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറയുന്നു.















