പത്തനാപുരം
വീടുകയറി ആക്രമിച്ച് നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. മിശ്രവിവാഹം കഴിച്ചതിന്റെ പേരിലാണ് കൊല്ലം ഏനാദിമംഗലം സ്വദേശിനിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. പ്രതികളായ യൂത്ത് കോൺഗ്രസ് നേതാവ് പത്തനാപുരം സ്വദേശി അനീഷ് ഖാൻ, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യദുകൃഷ്ണൻ എന്നിവർക്കായി ഇടുക്കി തങ്കമണി പൊലീസ് പത്തനാപുരത്ത് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തി. പത്തനാപുരം പനംപറ്റ സ്വദേശി രഞ്ജിത്തിന്റെയും യുവതിയുടെയും വിവാഹം നടന്ന പനമ്പയിലെ ക്ഷേത്രത്തിലെത്തി രേഖകളും പൊലീസ് പരിശോധിച്ചു.
രഞ്ജിത്തിന്റെ ബന്ധുവിന്റെ ഇടുക്കി ഉദയഗിരിയിലെ വീടാക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഈ കേസിൽ പൊലീസ് ഇടപെട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ മജിസ്ട്രേട്ട് അനുവദിച്ചെങ്കിലും കോടതിക്കു പുറത്തുനിന്ന് ഇതേസംഘം വീണ്ടും തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. ഈ സംഭവത്തിൽ രഞ്ജിത് കുന്നിക്കോട് പൊലീസിന് ഇടുക്കിയിൽനിന്ന് ഇ –-മെയിൽ വഴി പരാതി നൽകിയിരുന്നു. എന്നാൽ, നേരിട്ടെത്തി പരാതി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും അതുകൊണ്ട് പെൺകുട്ടിക്കുവേണ്ടി കുന്നിക്കോട് പൊലീസ് തെരച്ചിൽ നടത്തുന്നില്ലെന്നും രഞ്ജിത് ആരോപിച്ചു.















