ന്യൂഡൽഹി
പ്രതിപക്ഷത്തെ 26 പാർടി ‘ഇന്ത്യ’ക്കായി കൈകോർത്തതോടെ പരിഭ്രാന്തിയിലായ ബിജെപി ജീവൻ നഷ്ടമായ എൻഡിഎയെ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തില്. ചൊവ്വാഴ്ച ബംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിനു പിന്നാലെ ഡൽഹിയിലെ അശോക ഹോട്ടലിൽ ബിജെപി എൻഡിഎ യോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുത്തു.
301 എംപിമാരുള്ള ബിജെപി കഴിഞ്ഞാൽ 12 ലോക്സഭാ എംപിമാരുള്ള ശിവസേനാ ഷിൻഡെ വിഭാഗമാണ് വേഗത്തിൽ തട്ടിക്കൂട്ടിയ എൻഡിഎയിലെ രണ്ടാമത്തെ വലിയ പാർടി. അഞ്ച് എംപിമാരുള്ള രാഷ്ട്രീയ ലോക്ജനശക്തി പാർടിയാണ് മൂന്നാമൻ. രണ്ട് എംപിമാരുള്ള അപ്നാദളും ഓരോ എംപിമാർ വീതമുള്ള എൽജെപി (പസ്വാൻ), എൻപിപി, എൻഡിപിപി, സിക്കിം ക്രാന്തികാരിമോർച്ച, എജെഎസ്യു, മിസോ നാഷണൽ ഫ്രണ്ട്, എൻസിപി (അജിത്ത് പവാർ) എന്നീ കക്ഷികൾക്കാണ് ലോക്സഭയിൽ പ്രാതിനിധ്യമുള്ളത്. യോഗത്തിനെത്തിയ 27 കക്ഷികൾക്ക് ലോക്സഭാംഗങ്ങളില്ല.
കേരളത്തിൽനിന്ന് ബിഡിജെഎസും കേരള കാമരാജ് കോൺഗ്രസും എൻഡിഎ യോഗത്തിനെത്തി. കേട്ടുകേൾവിയില്ലാത്ത പ്രഹർ ജനശക്തിപാർടി, രാഷ്ട്രീയ സമാജ്പക്ഷ്, ജൻ സുരാജ്യശക്തി പാർടി എന്നിവയും എൻഡിഎയുടെ ഭാഗമാണ്. വിഘടനവാദി പാർടികളായ ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ട്, കുക്കി പീപ്പിൾസ് അലയൻസ്, ബോഡോ പീപ്പിൾസ് പാർടി, ഐപിഎഫ്ടി തുടങ്ങിയ കക്ഷികളെ എൻഡിഎയുടെ ഭാഗമാക്കിയത് ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനുകൂടി തെളിവായി.















