ന്യൂഡൽഹി
ആറാം ദേശീയ കുടുംബാരോഗ്യ സർവേ സൂചകങ്ങളിൽനിന്ന് ‘വിളർച്ച’ ഒഴിവാക്കിയതിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.
രാജ്യത്തെ സ്ത്രീകളിൽ 57 ശതമാനവും കുട്ടികളിൽ 67 ശതമാനവും വിളർച്ച ബാധിതരാണെന്ന് അഞ്ചാം കുടുംബാരോഗ്യ സർവേയിൽ കണ്ടെത്തി. മാതൃ–- ശിശു മരണങ്ങൾക്ക് മുഖ്യകാരണം ഇതാണെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നു. ഗർഭിണികളിലും കൗമാരക്കാരിലും വിളർച്ച ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും.
ഈ സാഹചര്യത്തിൽ സർവേയിൽനിന്ന് ഇതുസംബന്ധിച്ച വിവരശേഖരണം ഒഴിവാക്കുന്നത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതിയും ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും ആവശ്യപ്പെട്ടു.















