കോട്ടയം> വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിന്റെ തുടക്കം. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ “ഒരണ സമരം’ നടക്കുന്ന കാലം. അന്ന് കെഎസ്യുവുമായി ഉമ്മൻ ചാണ്ടിക്ക് ബന്ധമൊന്നുമില്ല. എങ്കിലും പത്രവാർത്ത കണ്ട ആവേശത്തിൽ സമരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചു.
ആ കഥ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുള്ളത് ഇങ്ങനെ: “”സമരം സംബന്ധിച്ച പത്രവാർത്ത കണ്ടതിന്റെ പിറ്റേന്നുതന്നെ സ്കൂളിൽ ഞങ്ങളൊരു യോഗം വിളിച്ചുചേർത്തു. എന്നിട്ട് വി ടി ജോൺ പ്രസിഡന്റായും ഞാൻ ജനറൽ സെക്രട്ടറിയായും യൂണിറ്റുണ്ടാക്കി. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളെ പുറത്തിറക്കാനായിരുന്നു തീരുമാനം. തൊട്ടടുത്ത സകൂളിലെ പ്രധാനാധ്യാപകൻ എന്റെ അച്ഛനാണ്. വിദ്യാർഥികൾ മുദ്രാവാക്യവുമായി അങ്ങോട്ട് നീങ്ങി. എനിക്ക് കൂടെ പോകാതിരിക്കാനാകില്ലല്ലോ.
നേരെ കയറിച്ചെന്ന് സ്കൂളിലെ കൂട്ടമണിയടിച്ചു. വിദ്യാർഥികളെല്ലാം പുറത്തിറങ്ങി. ഒപ്പം എന്റെ അച്ഛനും. അദ്ദേഹത്തിന്റെ മുമ്പിൽപ്പെടുമെന്ന് തോന്നിയ നിമിഷം ഞാൻ ഓടി. വരാന്തയിൽനിന്ന് താഴേക്ക് ഒരു ചാട്ടമായിരുന്നു. താഴെക്കിടന്ന കുപ്പിച്ചില്ലുകളിൽ ചവിട്ടിക്കൊണ്ട് ഓടിയാണ് അന്ന് അച്ഛൻ കാണാതെ രക്ഷപ്പെട്ടത്.”















