തിരുവനന്തപുരം> എന്റെ വ്യക്തി ജീവിതത്തിലെയും പൊതുജീവിതത്തിലെയും ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. വിദ്യാർഥി രാഷ്ട്രീയ കാലത്ത് 1962 മുതൽ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അദ്ദേഹം. സുഹൃത്തെന്നു പറഞ്ഞാൽ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ലായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളുണ്ടായപ്പോഴും ഞങ്ങൾ തമ്മിൽ എല്ലാം പങ്കുവയ്ക്കുമായിരുന്നു, എല്ലാം കാര്യങ്ങളും ഹൃദയം തുറന്നു സംസാരിക്കുമായിരുന്നു. കുറച്ചു നാളായി അദ്ദേഹത്തെ കാണുമ്പോഴൊക്കെ വലിയ വേദനയായിരുന്നു. ആ വേദന ഏറ്റവും വലിയ സ്വകാര്യ ദു:ഖമായി മരണംവരെ എന്നോടൊപ്പമുണ്ടാകും.
എന്റെ കുടുംബത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടവും ഇതാണ്. ഉമ്മൻചാണ്ടി ഇല്ലായിരുന്നെങ്കിൽ എനിക്ക് കുടുംബ ജീവിതം ഉണ്ടാകുമായിരുന്നില്ല. ഉമ്മൻചാണ്ടിയുടെ നിർബന്ധം കൊണ്ടുമാത്രമാണ് ഞാൻ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്റെ കുടുംബജീവിതത്തിന്റെ കാരണക്കാൻ ഉമ്മൻചാണ്ടിയും ഭാര്യ, ഞാൻ വാവ എന്നുവിളിക്കുന്ന മറിയാമ്മയുമാണ്. എലിസബത്തിനെ കണ്ടെത്തിയതും വാവയാണ്.
കേരളത്തിലെ ജനങ്ങൾക്കും കോൺഗ്രസ് പാർടിക്കും യുഡിഎഫിനുമുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വേർപാട്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ് അദ്ദേഹം. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന്റെ ചിന്ത എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതായിരുന്നു. സഹായം തേടിവരുന്ന ആരെയും നിരാശനാക്കി മടക്കിയയക്കുമായിരുന്നില്ല. സഹായം തേടിവരുന്നവരെ എങ്ങനെ സഹായിക്കാം എന്നാതായിരുന്നു രോഗക്കിടക്കിയിൽപോലും അദ്ദേഹത്തിന്റെ ചിന്ത. എല്ലാത്തിലുമപരി അദ്ദേഹം ജനങ്ങളെയും കേരളത്തെയും സ്നേഹിച്ചു.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരികളിൽ ഒരാളാണ് അദ്ദേഹം. കെഎസ്യുവിനെ, യൂത്ത് കോൺഗ്രസിനെ, കോൺഗ്രസിനെ, യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഏറ്റവും സംഭാവന നൽകിയതും അദ്ദേഹമാണ്. കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് ഉമ്മൻചാണ്ടിക്ക് പകരക്കാരനില്ല.