തിരുവനന്തപുരം> ഏക സിവിൽ കോഡിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ‘നയം’ തള്ളി മറ്റ് നേതാക്കളും എഐസിസിയും. നിയമം സംബന്ധിച്ച് രൂപരേഖയായശേഷമേ നിലപാട് വ്യക്തമാക്കൂ എന്ന ഡൽഹി നേതാക്കളുടെ നയം കെ മുരളീധരനും ആവർത്തിച്ചു. ശശി തരൂർ ആദ്യംമുതലേ ഇതേ നിലപാട് പരസ്യപ്പെടുത്തിയിരുന്നു.
വിഷയത്തിൽ സിപിഐ എമ്മിനൊപ്പം നിൽക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും പക്ഷേ, അതിന്റെ കരട് ആയാലേ ദേശീയതലത്തിൽ കോൺഗ്രസിന് ഒരു നിലപാട് എടുക്കാനാകൂവെന്നും കെ മുരളീധരൻ പറഞ്ഞു. എന്നാൽ, വി ഡി സതീശൻമാത്രം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങൾ നിയമത്തിന് ഇപ്പോഴേ എതിരാണ് എന്നാണ്. ഈ പ്രചാരണം കോൺഗ്രസ് നേതാക്കൾതന്നെ തള്ളുകയാണ്. പരസ്യമായി ഇപ്പോൾ ബില്ലിനെ എതിർക്കേണ്ട എന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പ്രധാന നേതാക്കളുടെ യോഗത്തിലുണ്ടായ ധാരണ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകൾ വാർത്തയായ സാഹചര്യത്തിലാണ് ഈ തീരുമാനം. സതീശനൊഴികെയുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളും ദേശീയതലത്തിലാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത് എന്ന പക്ഷക്കാരാണ്.
അതേസമയം, നലപാട് പറയാതെ ഉരുണ്ടുകളിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം എന്ന വിമർശവും ശക്തമാണ്. ആർഎസ്എസ് പിൻബലത്തിൽ ബിജെപി സർക്കാർ കൊണ്ടുവരാൻ പോകുന്ന ഏക വ്യക്തി നിയമത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് അറിയാത്തവരല്ല കോൺഗ്രസ് നേതൃത്വം. കശ്മീർ അടക്കം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നിയനിർമാണങ്ങളും തീരുമാനങ്ങളും മുഖ്യമായും ലക്ഷ്യമിട്ടിരുന്നത് മുസ്ലിം സമുദായത്തെയാണ്. കരട് വന്നാലേ ബിജെപിയുടെ ഈ മുഖം കാണാനാകൂ എന്ന കോൺഗ്രസ് നിലപാടാണ് പച്ചയായ ഇരട്ടത്താപ്പ് എന്ന ചർച്ചയും സജീവമാണ്.