തിരുവനന്തപുരം> യുഡിഎഫിലെ രണ്ട് എംഎൽഎമാരും ഒരു എംപിയും ചേർന്ന് പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ച് പ്രതികളെ ലോക്കപ്പിൽനിന്ന് മോചിപ്പിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ച് മാധ്യമങ്ങൾ. ‘പാതിരാത്രിയിൽ സെല്ലിൽ അടച്ചതുകൊണ്ട് മോചിപ്പിച്ചു’ എന്ന് വാർത്ത കൊടുത്ത് എംഎൽഎമാരുടെ രക്ഷയ്ക്കെത്തുകയാണ് യുഡിഎഫ് പത്രം. സമൂഹമാധ്യമങ്ങളിലെ വിമർശം ഭയന്ന് ചില ചാനലുകൾ ‘ഞങ്ങളും വാർത്ത കൊടുത്തു’ എന്ന് വരുത്തി. സിപിഐ എം എംഎൽഎ സ്റ്റേഷന്റെ പരിസരത്ത് പോയാൽപ്പോലും കടുത്ത ബ്രേക്കിങ്ങും അന്തിയാകാൻപോലും നിൽക്കാതെ ചർച്ച സംഘടിപ്പിക്കാനും വേവലാതിപ്പെടുന്നവരാണ് ഇതേ ചാനലുകൾ.
ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, സനീഷ്കുമാർ ജോസഫ് എന്നിവരാണ് ആദ്യം സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയത്. തുടർന്ന് റോജിയുടെ നേതൃത്വത്തിൽ പ്രതികളെ മോചിപ്പിക്കുകയായിരുന്നു.
കെഎസ്യുവിന്റെ ഭാരവാഹികൾ അടക്കമുള്ള സംഘം നിരന്തരം തന്നെ റാഗ് ചെയ്യുന്നുവെന്ന വിദ്യാർഥിനിയുടെ പരാതിയിന്മേൽ നടപടി എടുക്കുകയാണ് പൊലീസ് ചെയ്തത്. ജാമ്യമില്ലാത്ത കുറ്റം ചെയ്ത കെഎസ്യു പ്രവർത്തകരെ പകൽ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. തുടർന്നാണ് രാത്രിയിൽ കസ്റ്റഡിയിലെടുക്കേണ്ടി വന്നത്.
പേരാമ്പ്രയിൽ ആർഎസ്എസിന്റെ ശിവജി സേനക്കാരുടെ അക്രമം നേരിട്ട ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കൊണ്ടുപോയത് അന്വേഷിക്കാൻ ചെന്നത് ‘മോചിപ്പിക്കൽ’ വാർത്തയാക്കിയാണ് മാധ്യമങ്ങൾ ആഘോഷിച്ചത്.
ജീപ്പിൽനിന്ന് പ്രതികളെ പിടിച്ചിറക്കി കൊണ്ടുപോയെന്നായിരുന്നു വ്യാജവാർത്ത. സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കൾ നാട്ടിലെ സാധാരണക്കാരെ സംബന്ധിക്കുന്ന പൊലീസ് കേസുകളിൽ അന്വേഷിക്കാൻ ചെന്നാൽപ്പോലും ‘അതിക്രമം’ എന്ന നിലയിൽ ചിത്രീകരിക്കുന്നതും പതിവ്. എന്നാൽ, കോൺഗ്രസ് ജനപ്രതിനിധികൾതന്നെ സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ചിട്ടും അതിനെ ഗൗരവത്തോടെ സമീപിക്കാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല.