ലണ്ടൻ> വിംബിൾഡണിലെ പച്ചപ്പുൽ കളത്തിൽ നൊവാക് ജൊകോവിച്ചിന് 10 വർഷമായി എതിരാളിയില്ല. ലണ്ടനിലെ സെന്റർ കോർട്ടിൽ സെർബിയക്കാരൻ അവസാനമായി തോൽവിയറിഞ്ഞത് 2013 ഫൈനലിൽ ആൻഡി മറെയോട്. അജയ്യനായിരുന്നു പിന്നീട്. തുടർച്ചയായി നാലു കിരീടം. റോജർ ഫെഡററും റാഫേൽ നദാലും ഈ മുപ്പത്താറുകാരന്റെ കുതിപ്പിൽ വഴിമാറി.
ഇത്തവണ ഒരുപാട് സ്വപ്നങ്ങളുമായാണ് ജൊകോ വിംബിൾഡണിന് എത്തിയത്. വനിതാ ടെന്നീസ് ഇതിഹാസം ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടമെന്ന റെക്കോഡിനൊപ്പമെത്തുക എന്നതായിരുന്നു അതിൽ പ്രധാനം. പക്ഷേ, എല്ലാം കാർലോസ് അൽകാരസ് എന്ന പുത്തൻവിസ്മയത്തിനു മുന്നിൽ തകർന്നടിഞ്ഞു. ആധുനിക ടെന്നീസിന്റെ കുലപതിയെ ഈ ഇരുപതുകാരൻ പുതിയ കാലത്തിന്റെ കളി പഠിപ്പിച്ചു. ഒടുവിൽ അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരിൽ 1–-6, 7–-6, 6–-1, 3–-6, 6–-4 എന്ന സ്കോറിന് ജൊകോയെ തറപറ്റിച്ചു.
നാലുമണിക്കൂറും 42 മിനിറ്റും നീണ്ട ഫൈനലിൽ ഇരുവരും വാശിയോടെ റാക്കറ്റ് വീശി.
ആദ്യസെറ്റ് ജൊകോവിച്ചായിരുന്നു നേടിയത്. എന്നാൽ, പിന്നീടുള്ള രണ്ടും പിടിച്ച് അൽകാരസ് കരുത്തുകാട്ടി. നാലാമത്തേത് ജൊകോ നേടിയതോടെ കളി മുറുകി. അവസാന സെറ്റിൽ സ്പാനിഷ് യുവതാരം വിട്ടുകൊടുത്തില്ല. കഴിഞ്ഞവർഷം യുഎസ് ഓപ്പൺ നേടിയ ലോക ഒന്നാംനമ്പറുകാരൻ രണ്ടാം ഗ്രാൻഡ് സ്ലാം ചൂടി.
‘ഇത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ജൊകോയെ തോൽപ്പിച്ച് വിംബിൾഡൺ നേടുക എന്നത് സ്വപ്നമായിരുന്നു. അത് സാധ്യമായിരിക്കുന്നു. ഈ കാലഘട്ടത്തിലെ മഹാനായ കളിക്കാരനാണ് ജൊകോ. എല്ലാവർക്കും മാതൃക’–-കിരീടനേട്ടത്തിനുശേഷം അൽകാരസ് ഹൃദയം തുറന്നു.
2003ലാണ് അൽകാരസ് ജനിച്ചത്. സ്പെയ്നിലെ പ്രധാന ഫുട്ബോൾ ക്ലബ്ബായ റയൽ സോസിഡാഡിന്റെ ടെന്നീസ് ക്ലബ്ബിലൂടെയാണ് കളി തുടങ്ങിയത്. അച്ഛൻ ടെന്നീസ് ക്ലബ് ഡയറക്ടറായിരുന്നു. 2018ൽ മുൻതാരവും സ്പാനിഷ് പരിശീലകനുമായ യുവാൻ കാർലോസ് ഫെരേരോയ്ക്കുകീഴിൽ എത്തി. പതിനാറാംവയസ്സിൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു. 19–-ാംവയസ്സിൽ പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.