കോട്ടയം > സംക്രാന്തിയിൽ ലോറിയിൽനിന്നുള്ള കയർ കുരുങ്ങി വഴിയാത്രികൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. തമിഴ്നാട് നീലഗിരി സ്വദേശി ജീവരാജ(32)യാണ് ലോറി ഓടിച്ചിരുന്നത്. ലോറി അമിതവേഗത്തിലായിരുന്നു. നരഹത്യക്കുറ്റം ചുമത്തിയ ജീവരാജയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പച്ചക്കറി ലോറിയിൽനിന്ന് അഴിഞ്ഞ് തൂങ്ങിക്കിടന്ന കയറിന്റെ അറ്റത്ത് കുരുങ്ങി കാൽ അറ്റാണ് കട്ടപ്പന അമ്പലക്കവല സ്വദേശി പാറയിൽ മുരളി(50) മരിച്ചത്. ലോറി മുരളിയെ റോഡിലൂടെ വലിച്ചുകൊണ്ടുപോയി. വഴിയരികിലെ പോസ്റ്റിൽ കുടുങ്ങിയപ്പോൾ കാൽ അറ്റുപോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലോറി അമിതവേഗതയിലായിരുന്നെന്ന് വ്യക്തമാണ്. മുരളിയുടെ സംസ്കാരം കട്ടപ്പനയിൽ വീട്ടുവളപ്പിൽ നടത്തി. മുരളിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ചേർത്തല രജിസ്ട്രേഷനാണ് അപകടമുണ്ടാക്കിയ ലോറി. ഇത് ഗാന്ധിനഗർ പൊലീസിന്റെ കസ്റ്റഡിയിലാണ്. അഴിഞ്ഞുതൂങ്ങിയ കയറുമായി ലോറി എത്ര ദൂരം ഓടിയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഴിഞ്ഞുപോയ കാര്യം അറിഞ്ഞില്ലെന്നാണ് ലോറി ഡ്രൈവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ കയർ പൊട്ടിയതറിഞ്ഞ് അന്വേഷിച്ചെത്തിയപ്പോഴാണ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.