വെണ്ണിയോട് > വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. വെണ്ണിയോട് അനന്തഗിരിയിലെ ഓംപ്രകാശിന്റെ മകൾ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത്. ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് (32) അഞ്ച് വയസ്സുള്ള മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്. ദർശനയെ രക്ഷപ്പെടുത്തി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷം കഴിച്ചിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. ദക്ഷയെ കണ്ടെത്താനായിരുന്നില്ല. നാലു ദിവസം നീണ്ട തെരച്ചലിന് ഒടുവിലാണ് ഇന്ന് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴം പകൽ 3.30 ഓടെയാണ് സംഭവം നടന്നത്. പാത്തിക്കൽ പാലത്തിൽനിന്നാണ് കുട്ടിയുമായി അമ്മ പുഴയിൽ ചാടിയത്. പുഴയിൽ മുങ്ങിത്താഴുന്ന ദർശനയെ കണ്ട പ്രദേശവാസിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.തുടർന്ന് ദർശനയിൽനിന്നാണ് ഒപ്പം കുട്ടിയും ഉണ്ടായിരുന്നെന്ന വിവരം ലഭിച്ചത്. അഗ്നിരക്ഷാസേന, എൻഡിആർഎഫ്, ജീവൻരക്ഷാ സംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് ഇവർ പുഴയിൽചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെനിന്നാണ് ദക്ഷയുടെ മൃതദേഹം ലഭിച്ചത്. ദർശനയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനിരിക്കേയാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. യുകെജി വിദ്യാർഥിനിയാണ് മരിച്ച ദക്ഷ.















