ചെന്നൈ > തമിഴ്നാട്ടിലെ മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എന്
ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നല്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. മധുരൈ സന്ദര്ശനത്തിനിടെ സ്റ്റാലിന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്ച്ചയില് സുപ്രധാന പങ്ക് വഹിച്ചയാളാണ് ശങ്കരയ്യ. മധുരയിലെ അമേരിക്കന് കോളേജിലെ വിദ്യാര്ഥിയായിരുന്ന സമയത്ത് കമ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തനങ്ങളുടെ പേരില് ശങ്കരയ്യയെ ബ്രിട്ടീഷ് സര്ക്കാര് അറസ്റ്റ് ചെയ്തിരുന്നുവെന്നും അതിനാല് പരീക്ഷ എഴുതാന് സാധിച്ചില്ലെന്നുമുള്ള കാര്യങ്ങള് സ്റ്റാലിന് വേദിയില് ഓര്മിപ്പിച്ചു.
അതേ കാലഘട്ടത്തില്ത്തന്നെ സ്വാതന്ത്ര്യസമരങ്ങളില് പങ്കെടുത്തതിനും ശങ്കരയ്യ അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഓഗസ്റ്റ് 15ന് 12 മണിക്കൂര് മുന്പാണ് ശങ്കരയ്യ വിട്ടയക്കപ്പെട്ടത്. ഏറെക്കാലം സിപിഐ എമ്മിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന ശങ്കരയ്യ 1967, 1977, 1980 തെരഞ്ഞെടുപ്പുകളില് ജയിച്ച് നിയമസഭയില് എത്തിയിട്ടുണ്ട്.