തൃശൂർ > മൂന്നു വർഷം മുമ്പ് ഇവിടം കടലും തീരവും മാത്രം. ഇന്നിവിടെ കാട് തഴച്ചുവളർന്നു. അത്ഭുതപ്പെടേണ്ട. അഴീക്കോട് മുനയ്ക്കൽ ബീച്ചിലെത്തിയാൽ കടലിനൊപ്പം കാടും കയറാം. കടലാക്രമണങ്ങളുണ്ടായപ്പോഴും കടപുഴകാതെ ഈ മിയാവാക്കി വനം വളർന്നു. ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയുടെ വേർപാടിന് ഞായറാഴ്ച രണ്ടുവർഷം തികയുമ്പോൾ മരിക്കാത്ത സ്മരണകളായി മിയാവാക്കി രൂപ കൽപ്പന ചെയ്ത വനം കേരളത്തിലും തളിരിട്ടു. മിയാവാക്കിക്കായി ഇതിലും വലിയ സമർപ്പണം മറ്റൊന്നില്ല.
2020 മെയ് 15 നാണ് മുസിരിസ് പദ്ധതിക്കു കീഴിൽ മുനയ്ക്കൽ പാർക്കിൽ മിയാവാക്കി മാതൃകാ വനവൽക്കരണം നടത്തിയത്. കടലിനോടു ചേർന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളിൽപ്പെട്ട 3250 വൃക്ഷത്തൈകളാണ് നട്ടത്. ചതുരശ്രമീറ്ററിൽ ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ് എന്നിവ നിറച്ച് നടുവിൽ ഒരു വൃക്ഷത്തൈയും അതിന് ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചു. കാട് കാണാനായി നടപ്പാതയുമുണ്ട്. മൂന്നരലക്ഷം രൂപയാണ് അന്ന് പദ്ധതിക്ക് അനുവദിച്ചത്.
മൂന്നുവർഷം കൃത്യമായി പരിപാലിക്കാൻ പ്രത്യേകം പരിപാലനച്ചുമതലയും നൽകി. മൂന്നുവർഷത്തിനകം സ്വാഭാവിക വനമായി മാറി. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) കേരളത്തിലുടനീളം മിയാവാക്കി മാതൃകാ വനം സൃഷ്ടിച്ചതിന്റെ ഭാഗമായാണ് മുനയ്ക്കലിലും വനം തീർത്തത്. മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിനു പുറമെ ആലപ്പുഴ പോർട്ട് മ്യൂസിയം വളപ്പിലും കാട് വച്ചു.