തിരുവനന്തപുരം
കെ–- റെയിൽ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതി തൽക്കാലം മരവിപ്പിച്ചെങ്കിലും ഇതിൽ സിപിഐ എം നേതാക്കളുടെ ബന്ധുക്കളെ സംസ്ഥാന സർക്കാർ ചെലവിൽ കുത്തിനിറച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെ–- റെയിൽ ജീവനക്കാരെല്ലാം സിപിഐ എമ്മുകാരാണ്. ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയാണ് കെ–- റെയിൽ ജനറൽ മാനേജർ. സിപിഐ എം നേതാവ് ആനാവൂർ നാഗപ്പന്റെ ബന്ധു അനിൽ കുമാറാണ് കമ്പനി സെക്രട്ടറി. കെ–- റെയിൽ എംഡി അജിത് കുമാർ വൻതുക നൽകി വാടകയ്ക്ക് എടുത്തിരിക്കുന്നത് സ്വന്തം ഭാര്യയുടെ വീടാണ്. പദ്ധതിക്ക് ചെലവഴിച്ച 57 കോടി രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കർ സ്ഥലത്തിനും ആയിരക്കണക്കിന് കേസിനും മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം പറയണം.
പദ്ധതിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നതുകൊണ്ടാണ് വിദേശവായ്പയിൽ ലഭിക്കുന്ന കമീഷൻ നഷ്ടമായത്. സിൽവർ ലൈൻ പദ്ധതിയെ കണ്ണടച്ച് എതിർത്ത ബിജെപിയാണ് പുതിയ പദ്ധതിയുടെ ചരടുവലിക്കുന്നത്. പുതിയ പദ്ധതി സംബന്ധിച്ച കാര്യങ്ങൾ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.