തിരുവനന്തപുരം
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ മംഗലപുരം മേഖലാ കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനത്തിൽ പങ്കെടുക്കാമെന്ന് നേരത്തേ ഏറ്റതിനാലാണ് ഏക സിവിൽ കോഡിനെതിരെ സിപിഐ എം നടത്തിയ സെമിനാറിൽ എത്താൻ കഴിയാതെ പോയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ഏക സിവിൽ കോഡ് പോലെ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയത്തിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിരോധം ഉയർത്തുമ്പോഴും അതിൽനിന്നും വിവാദം സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെ നിലപാട് അപഹാസ്യമാണ്. ഡിവൈഎഫ്ഐ പാവപ്പെട്ടവർക്കായി വീട് നിർമിച്ചുനൽകുന്ന മാതൃകാപരമായ പ്രവർത്തനം ഏറ്റെടുക്കുമ്പോൾ അതിന്റെ താക്കോൽദാനത്തിന് എത്തുമെന്ന് നേരത്തേ ഉറപ്പുകൊടുത്തിരുന്നു. താക്കോൽദാന ചടങ്ങ് തീരുമാനിച്ചതിനുശേഷമാണ് സെമിനാർ നിശ്ചയിച്ചതെന്നും ഇ പി പറഞ്ഞു.