കരൗലി > രാജസ്ഥാനിലെ കരൗലി ജില്ലയിൽ കൂട്ടബലാത്സംഗത്തിനുശേഷം ആസിഡ് ആക്രമണത്തിന് ഇരയായ 19 കാരിയായ ദളിത് യുവതിയുടെ മൃതദേഹം കിണറ്റിൽകണ്ടെത്തി. തലയിൽ വെടിയേറ്റ പാടുകളുണ്ട്. തോഡഭിം മേഖലയിലെ മോഹൻപുരയിൽ താമസിക്കുന്ന യുവതിയെ ബുധനാഴ്ചയാണ് കാണാതായതെന്ന് നടൗട്ടി എസ്എച്ച്ഒ ബാബു ലാൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകി.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് പെൺകുട്ടിയുടെ മരണത്തിനു കാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ‘‘പുലർച്ചെ മൂന്നുമണിയോടെ മൂന്നോ നാലോ പേരുടെ സംഘം ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ വായ മൂടിക്കെട്ടിയാണ് അവർ കൊണ്ടുപോയത്. ഞാൻ ഉറക്കെ നിലവിളിച്ചു. പക്ഷേ, അവർ അവളെ കൊണ്ടുപോയി. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്കു പോയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാൻ അവർ തയാറായില്ല. കേസ് കൊടുക്കാനുള്ള സാഹചര്യമില്ലെന്നും എന്നോട് അവിടെ നിന്നു പോകാനും അവർ പറഞ്ഞു’’– പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.