വർക്കല
കതിർമണ്ഡപത്തിലേക്ക് പോകുംമുമ്പ് ശ്രീലക്ഷ്മി അച്ഛന്റെ കുഴിമാടത്തിനടുത്തെത്തി. നിറകണ്ണോടെ അൽപ്പനേരം നിന്നു. അച്ഛൻ ഒപ്പമുണ്ടെന്ന് മനസ്സിലുറപ്പിച്ച് വിവാഹപ്പന്തലിലേക്ക്. വെള്ളി രാവിലെ 9.30ന് ശിവഗിരി ശാരദാമഠത്തില്വച്ച് വിനു ശ്രീലക്ഷ്മിക്ക് താലിചാർത്തിയപ്പോൾ സന്തോഷിച്ചത് ഒരു നാടുമുഴുവനാണ്.
വിവാഹത്തലേന്ന് അയൽവാസിയായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ട വടശേരിക്കോണം വലിയവിളാകംവീട്ടിൽ രാജുവിന്റെ മകളാണ് ശ്രീലക്ഷ്മി. കൈപിടിച്ചുനൽകാൻ അച്ഛനില്ലാത്ത സങ്കടത്തിൽനിന്ന് പുതിയ ജീവിതത്തിന്റെ സന്തോഷത്തിലേക്ക് അവളെ ചേർത്തുപിടിച്ചത് ചെറുന്നിയൂർ പുതുവൽവിളവീട്ടിൽ വിനുവാണ്.
ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ കാർമികരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെങ്കിലും ഒരുനാടിന്റെ മുഴുവൻ അനുഗ്രഹവും ഇരുവർക്കുമുണ്ടായിരുന്നു.
ജൂൺ 28നായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. അന്നു പുലർച്ചെയാണ് രാജു കൊല്ലപ്പെട്ടത്. വിവാഹത്തലേന്നത്തെ സൽക്കാരം കഴിഞ്ഞ് അതിഥികളെ യാത്രയാക്കിയശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അയൽവാസിയായ ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവടക്കം നാലുപേരെത്തി ആക്രമിക്കുകയായിരുന്നു. അക്രമികളുടെ അടിയേറ്റ് രാജു മരിച്ചു. തുടർന്ന് മാറ്റിവച്ച വിവാഹമാണ് വെള്ളിയാഴ്ച നടന്നത്.