മുള്ളൂർക്കര (തൃശൂർ)
റബർത്തോട്ടത്തിൽ കാട്ടാനയെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. മുള്ളൂർക്കര വാഴക്കോട് വളവിൽ മണിയഞ്ചിറ റോയിയുടെ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മച്ചാട് റേഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനന് വ്യാഴാഴ്ച ലഭിച്ച രഹസ്യവിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. വെള്ളിയാഴ്ച രാവിലെ വനം വകുപ്പുദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി പരിശോധിച്ചപ്പോൾ ആനയുടെ ശരീരാവശിഷ്ടങ്ങളും കൊമ്പുകളുടെ ഭാഗങ്ങളും കിട്ടി. റബ്ബർ എസ്റ്റേറ്റിന്റെ വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് ചരിഞ്ഞതിനെത്തുടർന്ന് കുഴിച്ചിടുകയായിരുന്നു. മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞു. കണ്ടെത്തിയ ജഡത്തിൽ ഒരു ആനക്കൊമ്പിന്റെ പകുതി മുറിച്ചെടുത്ത നിലയിലാണ്. റബ്ബർത്തോട്ട ഉടമ റോയി കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥലത്തില്ല. കുറ്റകൃത്യത്തിൽ ഒമ്പതു പ്രതികൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ജഡത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ട്. ജഢം അഴുകാൻ രാസലായനി ഉപയോഗിച്ചതായും സംശയിക്കുന്നു. 104 സെ.മീ നീളമുള്ള ആനക്കൊമ്പുകളിലൊന്ന് ഒരടിയോളം മുറിച്ചുമാറ്റിയിട്ടുണ്ട്.
കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ കോടനാട്ട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജെ ജയശങ്കർ, റേഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനൻ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിനോദ്, സർജൻ ഡോ. കെ സി അശോകൻ എന്നിവർ സ്ഥലത്തെത്തി. വനം മന്ത്രി എ കെ ശശീന്ദ്രൻ സമഗ്രാന്വേഷണത്തിന് നിർദേശം നൽകി.