ലൊസ് ആഞ്ചലസ്
വേതനവർധന ഉൾപ്പെടെയുള്ള ആവശ്യമുന്നയിച്ചുള്ള പോരാട്ടത്തിൽ എഴുത്തുകാരോടൊപ്പം അണിനിരന്ന് ഹോളിവുഡിലെ അഭിനേതാക്കളും. ടെലിവിഷൻ സ്റ്റുഡിയോകളും സ്ട്രീമിങ് സേവന ദാതാക്കളുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടതിനെത്തുടർന്നാണ് 74 ദിവസമായി സമരം ചെയ്യുന്ന എഴുത്തുകാർക്കൊപ്പം പണിമുടക്കിൽ അണിചേരാനുള്ള പ്രഖ്യാപനം ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടനാ നേതൃത്വം പ്രഖ്യാപിച്ചത്. ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് ഹോളിവുഡിലെ അഭിനേതാക്കളും എഴുത്തുകാരും ഒരുമിച്ചു പണിമുടക്കുന്നത്. വെള്ളിയാഴ്ച മുതൽ ന്യൂയോർക്കിലെയും ലൊസ് ആഞ്ചലസിലെയും സ്റ്റുഡിയോ ആസ്ഥാനങ്ങൾക്ക് പുറത്ത് അഭിനേതാക്കളും സമരം തുടങ്ങി.
അമിതലാഭംകൊയ്യുന്ന ഓണ്ലൈന് സിനിമപ്രദര്ശന പ്ലാറ്റ്ഫോമുകള് ലാഭവിഹിതം നീതിയുക്തമായി പങ്കിടണമെന്നാണ് പ്രധാന ആവശ്യം.
നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ ചൂഷണം ഒഴിവാക്കുക, അനുമതിയില്ലാതെ ഡിജിറ്റൽ ചിത്രങ്ങൾ ഉപയോഗിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ൧.൬ ലക്ഷം അംഗങ്ങളുള്ള അഭിനേതാക്കളുടെ ഏറ്റവും വലിയ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് ഉന്നയിക്കുന്നു.
ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമ ‘ഓപ്പൺഹൈമർ’ ലണ്ടനില് ആദ്യപ്രദര്ശനം നടക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ സമരം പ്രഖ്യാപിക്കുന്നത്. ഇതോടെ സിലിയൻ മർഫി, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ പരിപാടിയിൽനിന്ന് വിട്ടുനിന്നു.