“ബ്രാഹ്മണാധിപത്യ സംസ്കാരത്തിൽ അധിഷ്ഠിതമായ ക്ഷേത്രാചാരങ്ങളും മാംസാഹാരം സ്വാതികമല്ലെന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണ രീതികളും മാത്രം കണ്ടിട്ടുള്ള ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്കൃതിയിൽ നിന്ന് അനേകം പാഠങ്ങൾ പഠിക്കാനുണ്ട്”
“നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യത്തെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇന്നും മൃഗബലി പ്രധാന ചടങ്ങാകുന്നു. ബലിക്ക് ശേഷം പ്രസാദമായി മാംസവും ഭക്തർക്ക് വിതരണം ചെയ്യാറുണ്ട്. മൃഗബലിക്ക് പുറമേ നര ബലിയും പതിനെട്ടാം നൂറ്റാണ്ട് വരെ വിവിധ ക്ഷേത്രാചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണം നിരോധനം ഏർപ്പെടുത്തുന്നത് വരെ അസമിൽ നരബലി തുടർന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്”
കാസിരംഗ ദേശീയ ഉദ്യാനം
“സ്വാതന്ത്ര്യാനന്തരം അസമിന്റെ ഭാഗമായിരിക്കുകയും പിന്നീട് സംസ്ഥാനമായി രൂപപ്പെടുകയും ചെയ്ത മേഘാലയിലെ ആദിവാസി വിഭാഗങ്ങൾ അമ്മയിൽ നിന്ന് മകളിലേക്ക് സ്വത്തുക്കൾ കൈമാറുന്ന മാട്രിലീനിൽ (matrilineal) ഘടന ഇന്നും പിന്തുടരുന്നവരാകുന്നു”
“ഭൂപ്രകൃതിയുടെ നല്ലൊരു ശതമാനം വനമായതിനാൽ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് അസമിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസം നിയമസഭയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച കണക്കുകളനുസരിച്ച് ഏകദേശം ആയിരത്തോളം മനുഷ്യരും ആനകളും പത്തുവർഷത്തിനിടയിൽ വിവിധ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്”
“ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നൂറിലേക്ക് ചുരുങ്ങിയ കണ്ടാമൃഗത്തിന്റെ എണ്ണത്തെ ഇന്നു കാണുന്ന മൂവായിരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് സർക്കാർ നടപടികളുടെ വിജയമായി വ്യാഖ്യാനിക്കാമെങ്കിലും വന്യജീവി സംരക്ഷണത്തിന്റെ പേരിൽ സ്വത്തും ജീവനും നഷ്ടപ്പെട്ട നിരപരാധികളും ദരിദ്രരുമായ മനുഷ്യരുടെ കണക്കുകൾ പരിഗണിക്കാതെയുള്ള വന്യജീവിപ്രകൃതി സംരക്ഷണ നടപടികൾ ശാശ്വതമായ പരിഹാരം ആകണമെന്നില്ല”
“അസമിലെ ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട ലോക ബാങ്കിന്റെ 2019ലെ റിപ്പോർട്ട് അനുസരിച്ച്, ആദിവാസികളും ദളിതരും മറ്റു ദരിദ്ര വിഭാഗങ്ങളിലും ഉൾപ്പെടുന്ന നല്ലൊരു ശതമാനം ആളുകളുടെ ദിവസവരുമാനം 100 രൂപയിലും താഴെയാകുന്നു. പട്ടിണിയകറ്റാൻ അന്യനാടുകളിലേക്ക് കൂട്ടമായി കുടിയേറുന്ന അസം തൊഴിലാളികൾ ബസ് സ്റ്റാന്റുകളിലും റയിൽവെ സ്റ്റേഷനുകളിലും സ്ഥിരം കാഴ്ചകളാകുന്നു”
ഗുവാഹത്തി നഗരം
മനുഷ്യനിർമ്മിതമായ അതിർത്തികളൊന്നും ഗൗനിക്കാതെ എല്ലാം നദികളും മുകളിൽ നിന്ന് താഴോട്ട് ഒഴുകുന്നു. ദേശങ്ങൾക്കിടയിലെ കലഹങ്ങളൊന്നുമറിയാതെ അവയെ ചേർത്ത് കോർത്തിണക്കി നദികൾ എന്നും ഒഴുകികൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനവരാശിയും സംസ്കാരവും വളർന്ന് വികസിക്കാൻ നദീതടങ്ങൾ വഹിച്ച സുപ്രധാന പങ്ക് വീണ്ടും എടുത്ത് പറയേണ്ടതില്ലല്ലോ. ലോകത്തെ ബൃഹത്തായ രണ്ടു സംസ്കാരങ്ങളായ ഇന്ത്യചൈന സംസ്കാരങ്ങൾ ഉരുകിച്ചേർന്ന് അസം താഴ്വരയിൽ പുതിയൊരു സംസ്കൃതി വളരുമ്പോൾ, മലകളും കാടുകളും കടന്ന് പരന്നൊഴുകി യാർലങ് സാങ്പോ ആ വളർച്ചക്ക് സാക്ഷിയാകുന്നു.
ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന യാർലങ് സാങ്പോ, വടക്കുകിഴക്കൻ ഇന്ത്യയിലൂടെ ബ്രഹ്മപുത്രയായി വളർന്ന് ബംഗ്ളദേശിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകിയെത്തുന്നത് അസംഖ്യം വൈവിധ്യങ്ങൾക്കിടയിലൂടെയാകുന്നു. നദിയൊരുക്കികൊടുക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും വിവിധ ജീവജാലങ്ങൾക്കായുള്ള ആവാസ വ്യവസ്ഥകളും നാഗരികതയുൾപ്പെടെയുള്ള അത്ഭുത കാഴ്ചകളും നദി ഓരോ വർഷവും സമ്മാനിക്കുന്ന സമാനതകളില്ലാത്ത ദുരന്തങ്ങളുടെ ശേഷിപ്പുകളും വടക്കു കിഴക്കൻ ഇന്ത്യയിലൂടെയുള്ള യാത്രകൾക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നു. ബ്രഹ്മപുത്രയുടെ ഭൂരിപക്ഷവും ഉൾപ്പെടുന്ന സംസ്ഥാനമായ അസമിലൂടെ നടത്തിയ യാത്രയിൽ കണ്ടതും കേട്ടതുമായ കാഴ്ചകളാണ് ലേഖനത്തിന് ആധാരം.
ടിബറ്റിൽ, യാർലങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലൂടെയാണ് ഇന്ത്യയിൽ പ്രവേശിക്കുന്നത്. അരുണാചൽ പ്രദേശിലും വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന നദി അസം താഴ്വരയിൽ പ്രവേശിക്കുന്നതോടെ മറുകര കാണാൻ പോലും കഴിയാത്ത വീതിയുള്ള ബ്രഹ്മപുത്ര നദിയായി രൂപപ്പെടുന്നു.
ബ്രഹ്മപുത്ര നദി ഗുഹാവത്തി നഗരത്തിൽ നിന്ന്
ഏകദേശം 5 കിമി ശരാശരി വീതിയിൽ അസാമിനെ രണ്ടായി പകുത്ത് ഒഴുകുന്ന നദിക്ക് അസമിലെ ചില സ്ഥലങ്ങളിൽ 10കിമിയിൽ അധികം വീതിയുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം ബ്രഹ്മാവിന്റെ മകനും ഇന്ത്യയിലെ പുരുഷനാമത്തിലുള്ള ഏക നദിയുമായ ബ്രഹ്മപുത്ര, കാലവർഷം ആരംഭിക്കുന്നതോടെ പലയിടങ്ങളിലും സംഹാര രൂപത്തിൽ 30കിമി വീതിയിലാണ് നിറഞ്ഞൊഴുകുന്നത്.
അസമിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ബ്രഹ്മപുത്ര ഒരുക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണിലാകുന്നു. നദിയുടെ സവിശേഷമായ ഒഴുക്ക് ലോകത്തിലെ തന്നെ മികച്ച ഉത്പാദന ക്ഷമതയുള്ള മണ്ണ് സൃഷ്ടിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടും അനുഗ്രഹീതമായ കാർഷീക മേഖലയെ ആശ്രയിച്ചിട്ടുള്ളതാകുന്നു അസമിലെ ഭൂരിപക്ഷം തൊഴിലവസരങ്ങളും. കേരളത്തിനോട് വളരെയധികം സാമ്യം തോന്നിക്കുന്ന അസം ഭൂപ്രകൃതി യാത്രയിലുടനീളം സഞ്ചാരികൾക്ക് കാണാൻ കഴിയും. നാല് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ ഗ്രാമങ്ങളുടെ സവിശേഷതകൾ ആയിരുന്ന വിസ്തൃതിയുള്ള നെൽപ്പാടങ്ങളും തെങ്ങുകളും കവുങ്ങുംതോപ്പുകളുമെല്ലാം ഇന്നും അസമിന്റെ സവിശേഷതകളാകുന്നു.
ബ്രഹ്മപുത്ര നദി ഗുഹാവത്തി നഗരത്തിൽ നിന്ന്
കാർഷീക മേഖലക്ക് പുറമേ, ബ്രഹ്മപുത്രയും പോഷകനദികളും ഉൾപ്പെടുന്ന അസമിലെ ഉൾനാടൻ ജലഗതാഗതവും മത്സ്യബന്ധനവും സമ്പദ്ഘടനയുടെ പ്രധാന ഭാഗങ്ങളാകുന്നു.
കിഴക്കൻ ബംഗാൾ പാകിസ്ഥാന്റെ ഭാഗമാകുന്നത് വരെ കൽക്കട്ട ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് അസമിൽ നിന്നുള്ള തേയിലയും ചണവും ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ബ്രഹ്മപുത്രയിലൂടെയുള്ള ജലഗതാഗതത്തെ ആയിരുന്നു. ഇന്നും ലക്ഷക്കണക്കിന് ജനങ്ങൾ വർഷം തോറും ആശ്രയിക്കുന്ന രണ്ടായിരത്തിലധികം കിമി ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന ബ്രഹ്മപുത്രയിലെ ഉൾനാടൻ ജലഗതാഗതം അസമിന്റെ ജീവനാഡിയാകുന്നു. ദേശീയഅന്തർദേശീയ പദ്ധതികളിലൂടെ ജലഗതാഗതം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങളും അസമിൽ സമാന്തരമായി നടക്കുന്നുണ്ട്.
അസമിലെ നഗരങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ബ്രഹ്മപുത്രയുടെ തീരങ്ങളിലാകുന്നു. തലസ്ഥാന നഗരിയും അസമിലെ ഏറ്റവും കൂടുതൽ ജനസംഖ്യയും ഉൾകൊള്ളുന്ന നഗരവുമായ ഗുവാഹത്തിയാണ് അസമിലെ പ്രധാന നഗരവും വാണിജ്യകേന്ദ്രവും. കൊളോണിയൽ കാലഘട്ടത്തിന് മുമ്പേ തന്നെ ഭരണസിരാകേന്ദ്രമായും വാണിജ്യ കേന്ദ്രമായും തീർത്ഥാടനകേന്ദ്രമായും ഗുവാഹത്തി നഗരം വികസിച്ചിട്ടുണ്ട്.
അസമിനെയും ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിക്കുന്നത് ഗുവാഹത്തി ആയതിനാൽ വടക്കുകിഴക്കൻ ഇന്ത്യയുടെ കവാടമായാണ് ഗുവാഹത്തി നഗരത്തെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ചൈന, നേപ്പാൾ, ബംഗ്ലാദേശ് ഭൂട്ടാൻ അതിർത്തികളോട് ചേർന്നുള്ള പശ്ചിമ ബംഗാളിലെ സിലിഗുഡി ഇടനാഴിയിലൂടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അസമിലേക്കുള്ള റോഡ്റെയിൽ ഗതാഗതം ഒരുക്കിയിരിക്കുന്നത്. ഗുവാഹത്തിയെയും അസമിന്റെ ചില ജില്ലകളേയും ട്രെയിൻവിമാന മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡുകളാണ് അസമിലെ പ്രധാന ഗതാഗത മാർഗ്ഗം.
ബ്രാഹ്മണാധിപത്യ സംസ്കാരത്തിൽ അധിഷ്ഠിതമായ ക്ഷേത്രാചാരങ്ങളും മാംസാഹാരം സ്വാതികമല്ലെന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണ രീതികളും മാത്രം കണ്ടിട്ടുള്ള ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്കൃതിയിൽ നിന്ന് അനേകം പാഠങ്ങൾ പഠിക്കാനുണ്ട്. ഹിന്ദുമത വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഏകശിലാത്മകമല്ലെന്നും ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വൈവിധ്യങ്ങൾ നിറഞ്ഞതാണെന്നുമുള്ള അടയാളങ്ങളാണ് ക്ഷേത്രങ്ങളിലും അസം ജനതയുടെ ആചാരങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യത്തെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇന്നും മൃഗബലി പ്രധാന ചടങ്ങാകുന്നു. ബലിക്ക് ശേഷം പ്രസാദമായി മാംസവും ഭക്തർക്ക് വിതരണം ചെയ്യാറുണ്ട്. മൃഗബലിക്ക് പുറമേ നര ബലിയും പതിനെട്ടാം നൂറ്റാണ്ട് വരെ വിവിധ ക്ഷേത്രാചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണം നിരോധനം ഏർപ്പെടുത്തുന്നത് വരെ അസമിൽ നരബലി തുടർന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
അസം വ്യത്യസ്ത മതവിഭാഗങ്ങളുടെ നാടാണെങ്കിലും ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികൾ ആകുന്നു. ഹിന്ദുമതത്തിൽ തന്നെ നല്ലൊരു ശതമാനവും വിഗ്രഹാരാധനയിൽ താല്പര്യമില്ലാത്ത ഹിന്ദു മതവിശ്വാസികളാണ്. ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യശ്രേണി ഇന്ത്യയുടെ മറ്റുഭാഗങ്ങളെപ്പോലെ അസം ജനതക്കിടയിൽ ശക്തമല്ല. തനതായ ഭാഷയും ആചാരാനുഷ്ഠാനങ്ങളുമുള്ള ആദിവാസി വിഭാഗങ്ങളുടെ സ്വാധീനം അസം ജനതയുടെ മതവിശ്വാസങ്ങളിലും ആഘോഷങ്ങളിലും സാമൂഹ്യഘടനകളിലും ആഹാരത്തിലും വസ്ത്രങ്ങളിലുമുൾപ്പെടെ സംസ്കാരത്തിന്റെ മുഴുവൻ ഇടങ്ങളിലും കാണാൻ കഴിയും. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനത വേറിട്ട് നിൽക്കുന്നതിന് ചൈനീസ്ഗോത്ര സംസ്കാരങ്ങളുടെ സ്വാധീനവും പ്രധാന കാരണമായി പറയപ്പെടുന്നുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താരതമ്യേനെ സ്ത്രീകൾ ഗാർഹിക വിഷയങ്ങളിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നവരും സാമ്പത്തീക സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാകുന്നു. സ്വാതന്ത്ര്യാനന്തരം അസമിന്റെ ഭാഗമായിരിക്കുകയും പിന്നീട് സംസ്ഥാനമായി രൂപപ്പെടുകയും ചെയ്ത മേഘാലയിലെ ആദിവാസി വിഭാഗങ്ങൾ അമ്മയിൽ നിന്ന് മകളിലേക്ക് സ്വത്തുക്കൾ കൈമാറുന്ന മാട്രിലീനിൽ (matrilineal) ഘടന ഇന്നും പിന്തുടരുന്നവരാകുന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ കച്ചവട കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർവ്വത്ര മേഖലകളിലും സ്ത്രീകളുടെ വലിയ സാന്നിധ്യം കണ്ടിരുന്നു.
അസമിലെ സാമൂഹ്യഘടനകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് അസം ജനതക്കിടയിലും സ്ത്രീകൾ കൂടുതൽ സാമൂഹ്യയിടം അനുഭവിക്കുന്നുണ്ട്. ലഭ്യതയുടെ അടിസ്ഥാനത്തിലാണ് ഓരോ പ്രദേശങ്ങളിലും മനുഷ്യന്റെ ആഹാര ശീലങ്ങൾ രൂപപ്പെടുന്നുവെന്നതിന് മികച്ച ഉദാഹരണമാണ് അസം ജനതയുടെ ഭക്ഷണ ശീലങ്ങൾ. ജാതിമതഭേദമന്യേ മത്സ്യവും അരിയാഹാരവും അസം ജനതയുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാകുന്നു.
ഇന്ത്യയിലെ പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളിലൊന്നാണ് അസം. ഏകദേശം അറുപത് ലക്ഷത്തിലധികം സഞ്ചാരികളാണ് അസമിൽ ഓരോ വർഷവും എത്തുന്നത്. അസമിലെ വേഗത്തിൽ വളരുന്ന വ്യവസായമായും തൊഴിൽ മേഖലയായും ടൂറിസം വികസിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കൂടുതൽ ഇണങ്ങുന്ന വിധത്തിൽ ടൂറിസം മേഖലയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. വന്യജീവി സങ്കേതങ്ങൾ , അതുല്യമായ അസമിലെ സസ്യജീവജാലങ്ങൾ, പ്രകൃതിരമണീയമായ തേയില തോട്ടങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നിറപ്പകിട്ടാർന്ന സാംസ്കാരിക ആഘോഷങ്ങൾ, പ്രകൃതി ഭംഗി, നദികൾ എന്നീ അനുഗ്രഹീത ഘടകങ്ങൾ അസമിലെ ടൂറിസം വ്യവസായത്തിന് മാറ്റ് കൂട്ടുന്നു. വടക്കേ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ തീവ്രമല്ലാത്ത ശൈത്യകാലവും വേനലും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാകുന്നു.
അസമിലെ വന്യജീവി സങ്കേതങ്ങളിൽ പ്രധാനപ്പെട്ടതാണ് കാസിരംഗ. ഗുഹാവത്തിയിൽ നിന്ന് ഏകദേശം 200കിമി ദൂരെ, ഗോലാഗാട്ട് നാഗാവ് ജില്ലകളിലായി നാനൂറ് ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന വനഭൂമിയാണ് കാസിരംഗ ദേശീയ ഉദ്യാനം.ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ ലോകത്തിലെ പ്രധാന ആവാസകേന്ദ്രമായ കാസിരംഗ, 1985മുതൽ UNESCO പൈത്രക പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ബ്രഹ്മപുത്രയുടെ തീരത്ത് അനേകം തണ്ണീർത്തടങ്ങളും, ചതുപ്പുകളും കാടുകളും ഉൾപ്പെടുന്ന കാസിരംഗ ഉദ്യാനം കാണ്ടാമൃഗത്തിന് പുറമേ കാട്ടുപോത്ത് , കടുവ , ആന, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങൾക്കും അനേകം പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കും ആവാസവ്യവസ്ഥ ഒരുക്കുന്നു.
ഏകദേശം മുപ്പതിനായിരം സന്ദർശകരാണ് ഓരോ മാസവും കാസിരംഗ സന്ദർശിക്കുന്നത്. ഉദ്യാനത്തിന്റെ പല ഭാഗാനങ്ങളിലായി ദിവസവും രണ്ടു നേരങ്ങളിലായി നടത്തുന്ന ജീപ്പ് സഫാരിയും ആന സഫാരിയുമാണ് സന്ദർശകർക്ക് ഉദ്യാനം സന്ദർശിക്കാനുള്ള ഏക മാർഗ്ഗം.
കാസിരംഗ ദേശീയോദ്യാനം
രണ്ട് മണിക്കൂറിലധികം നീളുന്ന ജീപ്പ് സഫാരിക്കിടയിൽ കാവൽ മാടങ്ങളിൽ കയറി മൃഗങ്ങളെ നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്.
അസമിലെ പ്രധാനപ്പെട്ട മറ്റൊരു ദേശീയ ഉദ്യാനവും രാജ്യത്തെ പ്രധാന കടുവ സംരക്ഷണ പദ്ധതിയുമാണ് ഏകദേശം 800ചതുരശ്രകിമി വ്യാപിച്ച് കിടക്കുന്ന മാനസ് ദേശീയ ഉദ്യാനം. ഗുഹാവത്തിയിൽനിന്ന് ഏകദേശം 130 കിമി ദൂരെയായി അസമിന്റെ പടിഞ്ഞാറ് ഭാഗത്ത് ഭുട്ടാനോട് ചേർന്ന് ഹിമാലയ പർവ്വതനിരകൾക്ക് അരികിലായാണ് മാനസ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്രയുടെ പോഷക നദിയായ മാനസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഈ ഉദ്യാനവും അസമിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാകുന്നു.
ഭൂപ്രകൃതിയുടെ നല്ലൊരു ശതമാനം വനമായതിനാൽ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് അസമിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസം നിയമസഭയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച കണക്കുകളനുസരിച്ച് ഏകദേശം ആയിരത്തോളം മനുഷ്യരും ആനകളും പത്തുവർഷത്തിനിടയിൽ വിവിധ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കൊമ്പിനായി വേട്ടക്കാർ കാണ്ടാമൃഗത്തിനെ വേട്ടയാടുന്നത് തടയാൻ അധികൃതരെടുക്കുന്ന നടപടികളുടെ പേരിൽ കാസിരംഗ ദേശീയ ഉദ്യാനം പലപ്പോഴും വിവാദങ്ങളിലും വാർത്തകളിലും ഇടംപിടിക്കാറുണ്ട്. ഉദ്യാനത്തിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള നിരോധനം ഉൾപ്പെടെ ശക്തമായ നടപടികളാണ് അധികൃതർ സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷക്കായി സ്വീകരിച്ചിരിക്കുന്നത്. മൃഗവേട്ടക്കെതിരായ അധികൃതരുടെ ചില നടപടികൾ വലിയ വിമർശനങ്ങളിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
ഉദ്യാനത്തിന് ചുറ്റും വേട്ടക്കാരെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച സായുധരായ കാവൽക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൃത്യമായ അതിരുകളോ വേലികളോ ഇല്ലാത്ത വനഭൂമിയിൽ വേട്ടക്കാരെ വെടിവെക്കാൻ കാവൽക്കാർക്കുള്ള അധികാരം പലപ്പോഴും നിരപരാധികൾക്കും കുട്ടികൾക്കും വെടിയേൽക്കുന്ന അപകടങ്ങൾക്ക് കാരണമാകുന്നു. 2015ൽ വേട്ടയാടപ്പെട്ട കണ്ടാമൃഗങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഉദ്യാനത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി വനാതിർത്തിയിൽ കൊടിയ ദാരിദ്ര്യത്തിൽ ജീവിക്കുന്ന മുക്കുവരെയും ആദിവാസികളെയും കുടിയിറക്കിയതിന്റെ പേരിലുണ്ടായ നീണ്ട കോടതി വ്യവഹാരങ്ങളും വിവാദങ്ങളും സൂചിപ്പിക്കുന്നത് വന്യജീവി സംരക്ഷണത്തിൽ തദ്ദേശീയരെ ആത്മവിശ്വാസത്തിൽ എടുക്കേണ്ടതിന്റെയും അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതിന്റെയും ആവശ്യകതയിലേക്കാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നൂറിലേക്ക് ചുരുങ്ങിയ കണ്ടാമൃഗത്തിന്റെ എണ്ണത്തെ ഇന്നു കാണുന്ന മൂവായിരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് സർക്കാർ നടപടികളുടെ വിജയമായി വ്യാഖ്യാനിക്കാമെങ്കിലും വന്യജീവി സംരക്ഷണത്തിന്റെ പേരിൽ സ്വത്തും ജീവനും നഷ്ടപ്പെട്ട നിരപരാധികളും ദരിദ്രരുമായ മനുഷ്യരുടെ കണക്കുകൾ പരിഗണിക്കാതെയുള്ള വന്യജീവിപ്രകൃതി സംരക്ഷണ നടപടികൾ ശാശ്വതമായ പരിഹാരം ആകണമെന്നില്ല.
യാത്രികൻ സഹയാത്രികർക്കൊപ്പം കാസിരംഗ ദേശീയ ഉദ്യാനത്തിൽ
അസം ജനതയുടെ സ്വപ്നങ്ങളും ജീവൽ സ്പന്ദനങ്ങളുമായി വേർതിരിക്കാൻ പറ്റാത്ത വിധം ബ്രഹ്മപുത്ര നദി കെട്ടുപിണഞ്ഞുകിടക്കുമ്പോളും, മറുവശത്ത് ഓരോ വർഷവും മഴക്കാലത്ത് നദിയൊരുക്കുന്ന ദുരന്തങ്ങൾക്ക് അറുതിയില്ല. അനേകം മരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും അനുഭവിക്കാത്ത വെള്ളപ്പൊക്ക കെടുതികൾക്കാണ് അസം ജനത ഓരോ വർഷവും സാക്ഷ്യം വഹിക്കുന്നത്.
അസമിലെ ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട ലോക ബാങ്കിന്റെ 2019ലെ റിപ്പോർട്ട് അനുസരിച്ച്, ആദിവാസികളും ദളിതരും മറ്റു ദരിദ്ര വിഭാഗങ്ങളിലും ഉൾപ്പെടുന്ന നല്ലൊരു ശതമാനം ആളുകളുടെ ദിവസവരുമാനം 100 രൂപയിലും താഴെയാകുന്നു. പട്ടിണിയകറ്റാൻ അന്യനാടുകളിലേക്ക് കൂട്ടമായി കുടിയേറുന്ന അസം തൊഴിലാളികൾ ബസ് സ്റ്റാന്റുകളിലും റയിൽവെ സ്റ്റേഷനുകളിലും സ്ഥിരം കാഴ്ചകളാകുന്നു. കേരളത്തിലെ അതിഥിതൊഴിലാളികളിലും നല്ലൊരു ശതമാനം അസമിൽ നിന്നാകുന്നു.
ഇടയ്ക്കിടക്കുള്ള വെള്ളപ്പൊക്കവും, നദികൾ ദിശ മാറി ഒഴുകുന്നതും ശക്തമായ മണ്ണൊലിപ്പും തീരശോഷണവും കാലാവസ്ഥ വ്യതിയാനവും കൃഷിയിടങ്ങൾ ഇല്ലാതാക്കുകയും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയും അതുവഴി തൊഴിലവസരങ്ങൾ വലിയ തോതിൽ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. മണ്ണൊലിപ്പും തീരശോഷണംമൂലം അസം ജനത നേരിടുന്ന ഭീതിയുടെയും അനിശിതത്വത്തിന്റെ പരിച്ഛേദമാകുന്നു ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപായി അറിയപ്പെട്ടിരുന്ന മാജുലി ദ്വീപിന്റെ നിലവിലെ അവസ്ഥ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏകദേശം 1200ചതുരശ്രകിമി വിസ്തൃതി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ദ്വീപിന്റെ നിലവിലെ വിസ്തൃതി അതിന്റെ മൂന്നിലൊന്നായ 400 ചതുരശ്രകിമി ആയി കുറഞ്ഞിരിക്കുന്നു. അസമിലൂടെ 4000ചതുരശ്രകിമി വിസ്തൃതിയിൽ ഒഴുകിയിരുന്ന ബ്രഹ്മപുത്ര ഗ്രാമപ്രദേശങ്ങളേയും കൃഷിയിടങ്ങളേയും വിഴുങ്ങി 6000ചതുരശ്രകിമി വിസ്തൃതിയിലാണ് നിലവിൽ ഒഴുകുന്നത്.
ബ്രഹ്മപുത്ര താഴ്വരകൾ ഭൂകമ്പ ബാധിത പ്രദേശങ്ങളായതിനാൽ ഭൂമികുലുക്കവും അതുവഴി നദിയിലുണ്ടാകാൻ സാധ്യതയുള്ള വ്യതിയാനങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആഴം പ്രവചനാതീതമായിരിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 1950ൽ ഉണ്ടായ ഭൂമികുലുക്കം നദിതടത്തെ 3മീറ്റർ ഉയർത്തിയതാണ് ശക്തിയായ തീരശോഷണത്തിനും ഇടയ്ക്കിടക്കുള്ള വെള്ളപ്പൊക്കത്തിനുമുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ട് നിർമ്മിച്ച് നദിയുടെ ഒഴുക്ക് നിയന്ത്രിക്കുകയും വെള്ളം കാർഷീക ആവശ്യത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗിക്കാനുമുള്ള ആലോചനകൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്.
അണക്കെട്ടുകൾ മനുഷ്യനും പരിസ്ഥിതിക്കും കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുമെന്നുമുള്ള ചർച്ചകളും സജീവമാകുന്നു. തടഭിത്തി നിർമ്മാണം, അധികമുള്ള പുഴയിലെ മണൽ നീക്കം ചെയ്യൽ, ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള നദിയിലുണ്ടാകുന്ന മാറ്റങ്ങൾ അതിവേഗത്തിൽ പ്രാദേശിക ഭാഷയിൽ ജനങ്ങളിലേക്കെത്തിക്കൽ, കയ്യേറ്റങ്ങളും മലിനീകരണവും തടയൽ എന്നിങ്ങനെയുള്ള നടപടികളുമായി സർക്കാരുകളും വർഷങ്ങളായി പോംവഴികൾക്കായി ശ്രമിക്കുന്നുണ്ട്…എന്നിരുന്നാലും ദുഖങ്ങൾക്ക് പെട്ടന്ന് ഒരറുതി ഉണ്ടാകുമെന്ന് അസം ജനതക്ക് പോലും പ്രതീക്ഷയില്ല.
ബ്രിട്ടീഷ് ഇന്ത്യയുടെ പ്രധാന പ്രവിശ്യകളിൽ ഒന്നായിരുന്നു അസം. ഇന്ത്യപാക് രൂപീകരണത്തിന് ശേഷം, ചെറിയൊരു ഭാഗം കിഴക്കൻ പാകിസ്ഥാന്റെ (ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായതൊഴിച്ചാൽ, സ്വതന്ത്ര ഇന്ത്യയുടെ ഭൂരിഭാഗം വടക്ക് കിഴക്കൻ പ്രദേശങ്ങളെയും ഉൾകൊള്ളുന്ന സംസ്ഥാനമായിട്ടാണ് അസം രൂപപ്പെട്ടത്. ഭൂട്ടാനുമായും ബംഗ്ലാദേശുമായും അതിർത്തി പങ്കിടുന്ന അസം നിരവധി ആഭ്യന്തര കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് പുറമെ അനധികൃത കുടിയേറ്റവും വർഗ്ഗീയ കലാപങ്ങളും അസം ഇന്നും നേരിടുന്ന പ്രധാന വെല്ലുവിളികൾ ആകുന്നു.
ആഭ്യന്തര വിഷയങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി , അസമിന്റെ ഭാഗമായ പ്രദേശങ്ങളെ ഉൾപ്പെടുത്തി നാഗാലാൻഡ്, മേഘാലയ,അരുണാചൽ പ്രദേശ് , മിസോറം എന്നീ സംസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ടു. ഇത് കൂടാതെ അസം സംസ്ഥാനത്തിനകത്ത് മൂന്ന് സ്വയംഭരണ പ്രദേശങ്ങളും ഉണ്ട്. സായുധസമരത്തിലൂടെ പ്രത്യേക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ULFA, NDFB പോലുള്ള നിരോധിത സംഘടനകളും ഇന്നും അസമിന്റെ പല ഭാഗങ്ങളിലും സജീവമാകുന്നു. ക്രമാസമാധാനം നിലനിർത്താൻ പട്ടാളത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമായ AFSA നിലനിൽക്കുന്ന പ്രദേശമാണ് അസം.
കാസിരംഗ ദേശീയ ഉദ്യാനം
അനേകം സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ് അസം. ഭാഷകളിലും ഉത്സവങ്ങളിലുമെല്ലാം ഈ വൈവിധ്യം പ്രകടമാകുന്നു. അസമിലെ ജനസംഖ്യയുടെ 15% ആദിവാസി ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാകുന്നു. മുപ്പതോളം വിഭാഗങ്ങളും അനേകം ഉപവിഭാഗങ്ങളും ഉൾപ്പെടുന്ന ഈ ഗോത്ര സമൂഹത്തിന് അവരുടേതായ ഭാഷയും സംസ്കാരവും ഉണ്ട്. ഔദ്യോഗിക ഭാഷയായ അസമീസിന് പുറമേ അമ്പതിലധികം ഭാഷകൾ വിവിധ ഗോത്ര സമൂഹങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നവെന്നാണ് പറയപ്പെടുന്നത്. ബോഡോ ഗോത്ര വിഭാഗമാണ് അസമിലെ പ്രധാന ഗോത്ര വിഭാഗം. സാമൂഹികമായും സാമ്പത്തികമായും വലിയ വിവേചനങ്ങൾ ഗോത്രവിഭാഗങ്ങൾ അസമിൽ അനുഭവിക്കുന്നുണ്ട്. വിവേചനങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട്. പ്രത്യേക രാഷ്ട്രത്തിനും പ്രത്യേക സംസ്ഥാനത്തിനുമായുള്ള ബോഡോകളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും സ്വയം ഭരണാവകാശമുള്ള Bodoland Territotorial Council രൂപീകൃതമായതോടെ അയവ് വന്നിട്ടുണ്ട്.
കടുത്ത അനിശ്ചിതങ്ങൾക്ക് നടുവിലും ജനതയെ ഒന്നിപ്പിക്കുന്നതിൽ വലിയ പങ്കാണ് വൈവിധ്യങ്ങളായ അസം ഉത്സവങ്ങൾക്കുള്ളത്. അസമിലെ ദേശീയ ഉത്സവമായ ബിഹു, ജാതിമത വ്യത്യാസങ്ങൾക്കതീതമായി അസം ജനത ഒന്നടങ്കം ആഘോഷിക്കുന്ന കാർഷീക ഉത്സവമാകുന്നു. വർഷത്തിൽ മൂന്ന് തവണയായി വൈവിധ്യങ്ങളോടെയാണ് ബിഹു ആഘോഷിക്കുന്നത്. ഏപ്രിൽ മാസത്തിൽ ആഘോഷിക്കുന്ന ബീഹു അസാമീസ് കലണ്ടർ അനുസരിച്ച് പുതുവർഷ പിറവികൂടിയാകുന്നു. യുവാക്കളും യുവതികളും ചേർന്നുള്ള അസാമിസ് നാടോടി നൃത്തരൂപമായ ബിഹു നൃത്തം, ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ട് നൽകുന്നു.
രാജ്യം ഭാരതരത്ന നൽകി ആദരിച്ച പ്രമുഖ അസമിസ് ഗായകനും ഗാനരചിയിതാവും സംവിധായകനുമായ ഭൂപെൻ ഹസാരിക പഠിച്ച ഗുഹാവതിയിലെ കോട്ടൺ കോളേജിലും യാത്രക്കിടയിൽ സന്ദർശിക്കാൻ അവസരമുണ്ടായി.കോളേജിലെ ഒരു സാംസ്കാരിക സായാഹ്നത്തിൽ മനസ്സിൽ പതിഞ്ഞ ഹസാരികയുടെ നാലുവരികളുടെ ഇംഗ്ലീഷ് വിവർത്തനം ഇവിടെ കുറിക്കുന്നത് അനൗചിത്യം ആകില്ലെന്ന വിശ്വാസത്തോടെ…
Man is for humanity
Life is for life
Can a man not expect
a little empathy?
O’ Friend!