തിരുവനന്തപുരം > വേഗ റെയിൽ പാതയുടെ അനിവാര്യത സംബന്ധിച്ച ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൂടുതൽ വേഗതയുള്ള യാത്രാസൗകര്യം ആവശ്യമാണെന്ന യാഥാർഥ്യത്തിലേക്കാണ് എല്ലാവരും എത്തുന്നുന്നത്. വേഗ പാത സംബന്ധിച്ച ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് നൽകിയ കുറിപ്പ് പരിശോധിച്ച് സർക്കാർ നിലപാട് സ്വീകരിക്കും.
പരിസ്ഥിതി പ്രശ്നങ്ങളുടെ പേരുപറഞ്ഞാണ് സെമി ഹൈസ്പീഡ് റൈയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയെ ഒരു വിഭാഗം എതിർത്തത്. എന്നാൽ, പരിസ്ഥിതി പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ ഒരു പദ്ധതിയുമായും മുന്നോട്ടുപോകാനാകില്ലെന്ന യാഥാർഥ്യം മറച്ചുവച്ചായിരുന്നു കുപ്രചരണം. ബിജെപി ഒത്തുക്കളി വാദം നിരത്തുന്ന പ്രതിപക്ഷം ഇനിയെങ്കിലും യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ തയ്യാറാകണമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. ചെറു വിമാനത്താവളങ്ങളാണ് സിൽവർലൈൻ പദ്ധതിക്ക് ബദൽ എന്ന നിരർത്ഥക വാദം ഉയർത്തിയും ഇതേ പ്രതിപക്ഷമാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവരുന്ന ഏത് പദ്ധതിയെയും എതിർക്കുകയെന്ന വകിസന വിരുദ്ധവും ജനങ്ങളെ വെല്ലുവിളിക്കുന്നതുമായ സമീപനമാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര.
നെല്ല് സംഭരണത്തിന് വായ്പ ലഭ്യമാക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടായ ധാരണലംഘനം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന വായ്പയ്ക്ക് സർക്കാർ ഗാരണ്ടി ഉറപ്പാക്കിയിരുന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിയലടക്കം ചർച്ച ചെയ്താണ് വായ്പയിൽ ധാരണയുണ്ടാക്കിയത്. ഇതിനുവിരുദ്ധമായ അലംഭാവം ബാങ്കുകളിൽനിന്നുണ്ടായതായും മന്ത്രി പറഞ്ഞു.