തിരുവനന്തപുരം > ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസിന്റെ ഒളിച്ചുകളി തീവ്രഹിന്ദുത്വത്തെ നേരിടുന്നതിൽ കാലങ്ങളായി പുലർത്തുന്ന ആത്മവഞ്ചനയുടെ ആവർത്തനമാണെന്നും മതേതര സമൂഹത്തിന്റെ ആത്മവീര്യത്തെ തകർക്കുകയാണ് കോൺഗ്രസെന്നും ഐഎൻഎൽ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയതലത്തിൽ വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസ് ആർഎസ്എസ് അജണ്ടയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ലീഗ് നേതാവ് കെ എം ഷാജിയെ പോലുള്ളവർ ആർഎസ്എസ് നിലപാടുകളെ ശരിവയ്ക്കുകയാണ്. ഏകസിവിൽ കോഡിനെതിരെ പൊതുജനാഭിപ്രായം ഉയർത്തി കണ്ണൂർ, മലപ്പുറം, എറണാകുളം, കൊല്ലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മകൾ നടത്തുമെന്നും ഐഎൻഎൽ നേതാക്കൾ പറഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ പി ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റുമാരായ മനോജ് സി നായർ, എഎൽഎം കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.