കോട്ടയം
തിരുവനന്തപുരം കഴക്കൂട്ടത്തെ മേനംകുളം നാഷണൽ ഗെയിംസ് വില്ലേജിലെ മരങ്ങൾ കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് പൾപ്പ് നിർമാണത്തിന് നൽകും. കിഫ്ബിയിൽ ഉൾപ്പെടുത്തി ഹൈ പെർഫോമൻസ് സെന്റർ നിർമിക്കുന്നതിന്റെ ഭാഗമായാണ് ഗെയിംസ് വില്ലേജിലെ 1,064 മരങ്ങൾ വെട്ടിമാറ്റുന്നത്. ഇതിനുള്ള അനുമതി സ്പോർട്സ് കേരള ഫൗണ്ടേഷന് വനംവകുപ്പ് നൽകിയിരുന്നു. ഇതിൽ പൾപ്പ് നിർമാണത്തിനുതകുന്ന അക്കേഷ്യ മരങ്ങളാണ് കെപിപിഎല്ലിന് നൽകുന്നത്.
കെപിപിഎല്ലിൽനിന്ന് കൂടുതൽ പത്രങ്ങൾ കടലാസ് വാങ്ങാൻ തുടങ്ങിയതിനാൽ പൾപ്പ് ഉൽപാദനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഗെയിംസ് വില്ലേജിലെ മരങ്ങൾ നൽകുന്നത്. ഇതുസംബന്ധിച്ച് കായികവകുപ്പ് കഴിഞ്ഞദിവസം ഉത്തരവും ഇറക്കി. നിൽക്കുന്നതും വീണ് കിടക്കുന്നതുമായ എഴുനൂറോളം അക്കേഷ്യ മരങ്ങൾ ഗെയിംസ് വില്ലേജിലുണ്ട്. ഇവ മെട്രിക് ടണ്ണിന് 500 രൂപ നിരക്കിലാണ് കെപിപിഎല്ലിന് നൽകുക.
കേരള സർവകലാശാല, ചവറ കെഎംഎംഎൽ, തിരുവനന്തപുരം സൈനിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മരത്തടികൾ കെപിപിഎല്ലിന് അനുവദിച്ചിരുന്നു. നിലവിൽ ദൈനിക് ഭാസ്കർ (ഹിന്ദി, ഗുജറാത്തി, മറാഠി), ദിനതന്തി (തമിഴ്), ആമോദ് പബ്ലിക്കേഷൻസ് (തെലുങ്ക്) എന്നീ പ്രമുഖ പത്രസ്ഥാപനങ്ങളും ഇംഗ്ലീഷ് പത്രങ്ങളും ഒട്ടുമിക്ക മലയാളം പത്രങ്ങളുമടക്കം 27 ദിനപത്രങ്ങൾ കെപിപിഎല്ലിന്റെ ന്യൂസ്പ്രിന്റാണ് ഉപയോഗിക്കുന്നത്. ദിവസം 200 ടൺ ന്യൂസ് പ്രിന്റ് ഇവിടെ ഉൽപാദിപ്പിക്കുന്നു. ആവശ്യക്കാർ കൂടിയതിനനുസരിച്ച് പ്ലാന്റിന്റെ പരമാവധി ശേഷിയായ 300 ടണ്ണിലേക്ക് മൂന്ന് മാസത്തിനകം ഉൽപാദനം എത്തും. കേന്ദ്രസർക്കാർ നഷ്ടത്തിലാക്കി വിൽക്കാൻവച്ചിരുന്ന എച്ച്എൻഎൽ കേരള സർക്കാർ ലേലത്തിൽ സ്വന്തമാക്കി രൂപീകരിച്ചതാണ് കെപിപിഎൽ.