തിരുവനന്തപുരം
വാർത്ത ചെയ്യാൻ പണം, ചെയ്യാതിരിക്കാനും പണം. ഭീഷണിക്ക് വഴങ്ങാത്തവർക്കെതിരെ വ്യാജവാർത്ത. കൂണുപോലെ മുളച്ചുപൊന്തുന്ന ഓൺലൈൻ മാധ്യമങ്ങളിൽ പലതിന്റെയും പൊതുരീതിയാണ് ഇത്. കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചാനൽ ഭീകരർ വിഴുങ്ങുന്നത്. രജിസ്ട്രേഷൻ വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരിലായതിനാൽ പലർക്കും അപകീർത്തിക്കേസ് ഫയൽ ചെയ്യാൻപോലും കഴിയുന്നില്ല. വ്യാജവാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസമാണ് കർമ ന്യൂസ് എന്ന ഓൺലൈൻ ചാനലിനെതിരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്ക് പൊലീസിനെ സമീപിക്കേണ്ടിവന്നത്. വ്യാജ വാർത്താക്കെണിയിൽ കുടുങ്ങിയവരിൽ പണം നൽകി രക്ഷപ്പെട്ടവരും മനംനൊന്ത് ആത്മഹത്യ ചെയ്തവരുമുണ്ട്.
ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടി തട്ടാൻ ശ്രമിച്ചെന്നാണ് കർമ ന്യൂസിനെതിരെ ആശുപത്രി അധികൃതരുടെ പരാതി. ചാനലിലെ റിപ്പോർട്ടർ ഇതേ കാരണത്തിൽ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിനു രൂപ വാങ്ങിയെടുത്തിരുന്നു. പിന്നീട് ചികിത്സാപ്പിഴവില്ലെന്ന് തെളിഞ്ഞിട്ടും ബ്ലാക് മെയിലിങ് തുടർന്നതോടെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയത്.
പത്തനംതിട്ടയിലെ പൊതുപ്രവർത്തകനായ അഭിഭാഷകനെതിരെ തുടർച്ചയായി അപകീർത്തികരമായ വാർത്തകൾ വന്നു. ലേഖകന്റെ പേരുപോലും വ്യാജമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മറ്റൊരു പത്രത്തിൽ ജോലി ചെയ്തിരുന്നയാളാണ് വ്യാജപ്പേരിൽ വാർത്ത എഴുതിയിരുന്നത്. വാർത്തകൾ നൽകാതിരിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെട്ടത്. ഭീഷണിക്ക് വഴങ്ങാതിരുന്ന അഭിഭാഷകൻ പരാതിയുമായെത്തി.
ഓൺലൈൻ മാധ്യമങ്ങളിൽ വാന്ന വ്യാജവാർത്തയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യേണ്ടിവന്നവരുമുണ്ട്. കൂടത്തായി മോഡൽ കൊലപാതകം ഡൽഹിയിലുമെന്ന വാർത്ത നൽകിയത് ഒരു മലയാളം ഓൺലൈൻ ചാനലായിരുന്നു. വ്യാജവാർത്തകളിൽ തളർന്ന ആ സ്ത്രീ ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജീവിതം അവസാനിപ്പിച്ചതും ഓൺലൈൻ മാധ്യമങ്ങളുടെ വേട്ടയ്ക്ക് ഇരയായാണ്.
ബ്ലാക് മെയിലിങ് തന്ത്രവുമായി വേട്ടയ്ക്കിറങ്ങുന്ന ഓൺലൈനുകളിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ ശക്തമായ നിയമനിർമാണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. പിഐബി, പിആർഡി പോലുള്ള സംവിധാനങ്ങൾക്കു കീഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും രജിസ്റ്റർ ചെയ്യുന്നയാൾ ചാനലിന്റെ ഭാഗമായി പ്രവർത്തിക്കണമെന്നത് അടക്കമുള്ള ശക്തമായ നിബന്ധനകൾ കൊണ്ടുമാത്രമേ വേട്ടക്കാരെ നിലയ്ക്ക് നിർത്താനാകൂവെന്ന് വിദഗ്ധർ പറയുന്നു.
വ്യാജരേഖ ചമയ്ക്കലിനും
ഷാജനെതിരെ കേസ്
വ്യാജരേഖ ചമച്ചതിന് ഓൺലൈൻ ചാനലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഡൽഹി സ്വദേശി രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ഷാജൻ സ്കറിയ, കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ഭാഗത്തുള്ള കേരള രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത് ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ് വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്എൻഎല്ലിന്റെ ടെലിഫോൺ ബിൽ ഇയാൾ വ്യാജമായി ചമച്ചുനൽകുകയായിരുന്നു. സിഎം പോർട്ടൽവഴി നൽകിയ പരാതിയാണ് തൃക്കാക്കര പൊലീസിന് കൈമാറിയത്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.