ഭോപാൽ
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ചു മാസത്തിനിടെ ഏഴ് ചീറ്റ ചത്ത സംഭവത്തിൽ ഇവയെ കൈകാര്യം ചെയ്ത രീതി ചോദ്യം ചെയ്ത് വന്യജീവി വിദഗ്ധർ.
കഴിഞ്ഞ ദിവസം ആൺ ചീറ്റ തേജസ് ചത്തത് പെൺ ചീറ്റയുമായുണ്ടായ ഏറ്റുമുറ്റലിലെ പരിക്കുമൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺചീറ്റ ആൺചീറ്റയെ ആക്രമിച്ച് കൊലപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്ന് ഡെറാഡൂൺ ആസ്ഥാനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുൻ ഡീനും സീനിയർ പ്രൊഫസറുമായ വൈ വി ഝാല പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കേന്ദ്ര സർക്കാരിന്റെ ചീറ്റപ്പുലി പുനരവതരണ പരിപാടിക്കുള്ള മറ്റൊരു പ്രഹരമാണ് പുതിയ സംഭവം.
മൂന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ മരണവും വിശദമായി പരിശോധിക്കണം. കുഞ്ഞുങ്ങൾക്ക് പോഷകാഹാരക്കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ നടപടി എടുക്കേണ്ടിയിരുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.