ന്യൂഡൽഹി
തക്കാളിവിലയിൽ ഒരുവർഷത്തിനിടെ 300 ശതമാനത്തിലധികം വർധന. കഴിഞ്ഞവർഷം ഇതേസമയം തക്കാളിവില 24.68 രൂപയായിരുന്നു. വ്യാഴാഴ്ച ഉപഭോക്തൃകാര്യ വിഭാഗം വെബ്സൈറ്റിൽ തക്കാളി കിലോയ്ക്ക് 114.72 രൂപയാണ് ശരാശരി വില. പരാമവധി വിലയാകട്ടെ 224 രൂപ. 341 ശതമാനം വർധന. പ്രധാന തക്കാളി ഉൽപ്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും ആയതിനാലാണ് വില കുതിച്ചുയരുന്നതെന്ന് അധികൃതർ പറഞ്ഞു.
ആന്ധ്രയിൽ
തക്കാളി കർഷകൻ കൊല്ലപ്പെട്ടു
ആന്ധ്രപ്രദേശിൽ അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കർഷകൻ ദാരുണമായി കൊല്ലപ്പെട്ടു. മികച്ച വിളവ് കിട്ടിയ തക്കാളി ചന്തയിലെ കടയിൽ വിറ്റതിന് പിന്നാലെയാണ് ബോഡി മല്ലേദിനിലെ നരേം രാജശേഖർ റെഡ്ഡി കൊലപ്പെട്ടത്. തക്കാളി വിറ്റ പണം കവരാൻ എത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് ചിലയിടങ്ങളില്‍ തക്കാളി വില കിലോക്ക് 200 രൂപയ്ക്കും മുകളിലാണ്. തക്കാളി സംരക്ഷിക്കാൻ ചിലയിടത്ത് വ്യാപാരികൾ കാവല്ക്കാരെ നിര്‍ത്തിയത് വൻ വാർത്തയായിരുന്നു.