ഡൊമിനിക്ക
വെസ്റ്റിൻഡീസിനെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത് ഇന്ത്യ. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 146 റണ്ണെടുത്തു. വിൻഡീസിന്റെ ഒന്നാംഇന്നിങ്സ് സ്കോറായ 150ന് ഒപ്പമെത്താൻ നാല് റൺമാത്രം മതി. ക്യാപ്റ്റൻ രോഹിത് ശർമയും (68) അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളുമാണ് (62) ക്രീസിൽ.
സ്കോർ: വിൻഡീസ് 150, ഇന്ത്യ 0–-146
രണ്ടാംദിനം വിക്കറ്റ് നഷ്ടമാകാതെ 80 റണ്ണെന്നനിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ അനായാസം കളംപിടിച്ചു. രോഹിതിനൊപ്പം ഇടംകൈയൻ യശസ്വി, അരങ്ങേറ്റക്കാരന്റെ സമ്മർദമൊന്നുമില്ലാതെ ബാറ്റ് വീശി. വിൻഡീസ് ബൗളർമാർക്ക് ഒരിക്കൽപോലും ഇന്ത്യൻ സഖ്യത്തെ പരീക്ഷിക്കാനായില്ല. 104 പന്തിലാണ് യശസ്വി അരസെഞ്ചുറി പൂർത്തിയാക്കിയത്. അരങ്ങേറ്റത്തിൽ അർധശതകം നേടുന്ന 13–-ാമത്തെ ഇന്ത്യൻ ഓപ്പണറാണ്. ഏഴ് ബൗണ്ടറി നേടി. ഏറെനാളുകൾക്കുശേഷം ഫോം വീണ്ടെടുത്ത രോഹിത് 92–-ാംഅരസെഞ്ചുറിയാണ് കുറിച്ചത്. രണ്ട് സിക്സറും ആറ് ഫോറും ഇന്നിങ്സിൽ ഉൾപ്പെട്ടു.
നേരത്തേ ആർ അശ്വിന്റെ മികവാർന്ന പ്രകടനമാണ് വിൻഡീസിനെ 150ൽ തീർത്തത്. അശ്വിൻ അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ മൂന്നും നേടി. 47 റണ്ണെടുത്ത അലിക് അതനാസാണ് വിൻഡീസിന്റെ ടോപ് സ്കോറർ.
ഇനി തുല്യ സമ്മാനത്തുക
ക്രിക്കറ്റിൽ സമത്വമുറപ്പിക്കുന്ന ചരിത്രപരമായ തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). രാജ്യാന്തര ടൂർണമെന്റുകൾക്കുള്ള സമ്മാനത്തുകയിൽ ഇനിമുതൽ അന്തരമുണ്ടാകില്ല. പുരുഷ ടീമിന് കിട്ടുന്ന അതേ തുക വനിതകൾക്കും നൽകും. നിലവിൽ ലോകകപ്പ് ഉൾപ്പെടെ പുരുഷൻമാരുടെ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനത്തുക വനിതകളേക്കാൾ കൂടുതലാണ്. എല്ലാ രാജ്യങ്ങളും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശവും ഐസിസി നൽകിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വനിത–-പുരുഷ സാമ്പത്തിക അസമത്വം പൂർണമായും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.