തിരുവനന്തപുരം > കാട്ടാക്കട നിയോജക മണ്ഡലത്തിൽപ്പെട്ട മാറനല്ലൂർ പഞ്ചായത്തിലെ പുന്നാവൂർ – മലവിള പാലം തകർന്നു എന്നത് തെറ്റായ പ്രചാരണമെന്ന് ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. യഥാർത്ഥത്തിൽ പൊതുമരാമത്ത് പാലത്തിനൊ അപ്പ്രോച്ച് റോഡിനോ ഒരു ഇഞ്ച് പോലും തകരാർ സംഭവിച്ചിട്ടില്ല. ഈ യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സും ബിജെപിയും പ്രചാരണം നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
നെയ്യാർ ഇറിഗേഷന്റെ കനാലിന് ഇടതുവശത്തുള്ള ബണ്ട് റോഡിന്റെ ഒരു വശമാണ് ഇടിഞ്ഞുവീണത്. ഇതിന് കാരണമായത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയാണ്. അത് ഇന്നലെ രാത്രി തന്നെ വാട്ടർ അതോറിറ്റി പരിഹരിക്കുകയും ചെയ്തു. എന്നാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത പാലം തകർന്നു എന്ന മട്ടിൽ വ്യാപകമായ നുണ പ്രചരണം ആണ് നടക്കുന്നത്. മലവിള – പുന്നാവൂർ പാലം മാറനല്ലൂർ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. ശിലാസ്ഥാപനം കഴിഞ്ഞ് വളരെ വേഗത്തിൽ ഏതാണ്ട് ഒരു വർഷം കൊണ്ട് പണി പൂർത്തീകരിച്ചു. പാലം പണിപൂർത്തിയാവാൻ കാലതാമസം വരണമെന്ന് ആഗ്രഹിച്ചവരും അതിന്റെ പേരില്‍ പ്രക്ഷോഭം നടത്താൻ തയ്യാറെടുത്തിരുന്നവരും പണിപൂർത്തിയായാൽ ഉദ്ഘാടനത്തിന് തീയതി കിട്ടുവാൻ വൈകുമെന്നും പൂർത്തിയായാൽ ഉടൻ ജനകീയ ഉദ്ഘാടനം നടത്താനുമുള്ള തിരക്കഥ വരെ തയ്യാറാക്കിയിരുന്നവരുമാണ് ഇപ്പോഴത്തെ ഈ നുണ പ്രചാരണത്തിനും പിന്നില്‍. എന്നാൽ പാലം പണി സമയബന്ധിതമായി പൂർത്തിയാക്കുകയും ഉടൻ തന്നെ മന്ത്രി എത്തുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു.
തയ്യാറാക്കി വച്ചിരുന്ന ഒരു രാഷ്ട്രീയ തിരക്കഥ രംഗത്ത് അവതരിപ്പിക്കാൻ കഴിയാതെ വന്ന നിരാശയിൽ ബിജെപിയും – കോൺഗ്രസും പെട്ട് ഉഴലുമ്പോഴാണ് ഇന്നലെ നെയ്യാർ ഇറിഗേഷൻ കനാലിന്റെ ഇടതുവശത്തുള്ള ബണ്ട് റോഡിന്റെ വശങ്ങള് ഇടിഞ്ഞു വീണത്. പ്രകൃതി ദുരന്തങ്ങളില്‍ പോലും രാഷ്ട്രീയ സുവര്‍ണ്ണാവസരം കാത്തിരിക്കുന്നവരും രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടവരും അവരുടെ നിലനില്‍പ്പിന് വേണ്ടി ഈ സംഭവത്തെ വ്യാജ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മുഖംമിനുക്കാന്‍ നോക്കുകയാണ്. പിഡബ്ല്യുഡി, ഇറിഗേഷൻ, KSEB തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചതായി എംഎല്‍എ അറിയിച്ചു.
നെയ്യാർ ഇറിഗേഷൻ പ്രോജക്റ്റിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തരമായി നെയ്യാർ കനാലിൽ ഇടിഞ്ഞുവീണ മണ്ണ് ഇന്ന് കൊണ്ട് തന്നെ കോരി മാറ്റുമെന്നും പാർശ്വഭിത്തി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇന്ന് തന്നെ തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയതായും എംഎല്‍എ അറിയിച്ചു. അതോടൊപ്പം അപകടാവസ്ഥയിലായിരുന്ന കെഎസ്ഇബി ഇലക്ട്രിക്കൽ പോസ്റ്റും ഇന്നു തന്നെ മാറ്റി സ്ഥാപിക്കും. നിർഭാഗ്യകരമായ, ദുഃഖകരമായ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയ ദുഷ്ടലാക്ക് കാണുന്ന നീചമായ സംസ്കാരത്തിന്റെ പ്രകടനമാണ് വികസന വിരോധികള്‍ വ്യാജ പ്രചരണങ്ങളിലൂടെ നടത്തുന്നത്. അത്തരം വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് എംഎല്‍എ പറഞ്ഞു. ഉണ്ടായ സംഭവം പരിഹരിക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള സമീപനമാണ് വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിച്ചിരിച്ചിട്ടുള്ളതെന്നും ഐ ബി സതീഷ് എംഎല്‍എ പ്രസ്താവനയിലൂടെ അറിയിച്ചു.