ബംഗളൂരു > ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ തുടങ്ങി. 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗണിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ഓടെ തുടക്കമായത്. വെള്ളി ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം.
എൽവിഎം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ വിക്ഷേപിക്കുന്നത്.
2019-ലെ ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ചന്ദ്രയാൻ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം ദർശനം നടത്തി. ഇന്ന് രാവിലെയാണ് ചന്ദ്രയാൻ 3 പേടകത്തിന്റെ മിനിയേച്ചർ മോഡലുമായി ശാസ്ത്രജ്ഞർ തിരുപ്പതിയിൽ ദർശനത്തിനെത്തിയത്.