ന്യൂഡല്ഹി > യമുന നദിയിലെ ജലനിരപ്പ് അപകടനില കഴിഞ്ഞതോടെ പ്രളയഭീതിയിൽ ഡൽഹി. നിലവിൽ 208.07 മീറ്ററാണ് നദിയിലെ ജലനിരപ്പ്.
ഡൽഹിയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഞായർ വരെ അവധി പ്രഖ്യാപിച്ചു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.
16 കൺട്രോൾ റൂമുകളും ഡൽഹി സർക്കാർ തുറന്നിട്ടുണ്ട്. കൂടുതൽ സ്കൂളുകളിൽ ക്യാമ്പുകൾ ആരംഭിക്കും. ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രളയഭീതിയുയർന്നതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോമും പ്രഖ്യാപിച്ചു. ഹരിയാനയിലെ ഹാഥ്നിക്കുണ്ഡ് അണക്കെട്ട് തുറന്നതുകൊണ്ട് കൂടിയാണ് യമുനയില് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. അണക്കെട്ടിൽനിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി കെജ്രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.