തിരുവനന്തപുരം > കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് എതിരില്ല. യൂണിറ്റ്തല തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ട സമയം ഇന്ന് 4 മണിക്ക് അവസാനിച്ചു. ജില്ലാ സായുധ സേനാ വിഭാഗം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ട്രാഫിക് പൊലീസ് യൂണിറ്റുകൾ, വനിതാ സെൽ, ജില്ലാ ക്രൈം ബ്രാഞ്ച്, വിജിലൻസ് യൂണിറ്റ്, സ്പെഷ്യൽ യൂണിറ്റുകൾ, 16 പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ 26 സീറ്റുകളിലേക്കാണ് മത്സരം. ഒരിടത്തും ഔദ്യോഗിക പാനലിന് എതിരെ ആരും പത്രിക നൽകിയില്ല. നിലവിലെ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്, ജനറൽ സെക്രട്ടറി സി ആർ ബിജു, ട്രഷറർ കെ എസ് ഔസേപ്പ്, വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ നായർ, ടി ബാബു, സി പി പ്രദീപ് കുമാർ ജോയിന്റ് സെക്രട്ടറിമാരായ വി ചന്ദ്രശേഖരൻ, മഹേഷ്പി പി, രമേശൻ വെള്ളോറ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
20 പോലീസ് ജില്ലകൾ, 8 ബറ്റാലിയനുകൾ, ടെലികമ്മ്യൂണിക്കേഷൻ, കേരള പോലീസ് അക്കാഡമി എന്നിവ ഓരോ ജില്ലാ കമ്മറ്റികളാണ്. അങ്ങനെ 30 ജില്ലാ കമ്മറ്റികളാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഉള്ളത്. ഇതിൽ കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, SAP, MSP, RRRF, KAP 1, KAP 2, KAP 3, KAP 4, KAP 5 എന്നീ 13 ജില്ലാ കമ്മിറ്റികൾ പൂർണ്ണമായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ജില്ലകളിലെ നാമമാത്രമായ സീറ്റുകളിലേക്ക് മാത്രമാണ് മത്സരം ഉള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. മത്സരം ഉള്ള സ്ഥലങ്ങളിൽ ജൂലൈ 21 ന് തെരഞ്ഞെടുപ്പ് നടക്കും. അതിന് ശേഷം ജൂലൈ 27 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, ആഗസ്റ്റ് 18 ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.