ന്യൂഡൽഹി > ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഹിമാചൽപ്രദേശിൽ 4000 കോടിയുടെ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും ജലവിതരണപദ്ധതികൾ താറുമാറായതോടെ ഷിംലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങികിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന പേമാരിയിൽ മരണം നൂറ് കടന്നിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗികകണക്ക്. ഉത്തർപ്രദേശിൽ മാത്രം 34 പേർ മരിച്ചു. ഹിമാചൽപ്രദേശിൽ 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും നിരവധിപേർ മരിച്ചിട്ടുണ്ട്.
ഡൽഹിയിൽ യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലും ഉയർന്നത് ആശങ്ക ശക്തമാക്കി. യമുനയിലെ അപകടരമായ ജലനിരപ്പ് 205.33 മീറ്ററാണ്. നിലവിൽ ജലനിരപ്പ് 206. 24 മീറ്റർ കവിഞ്ഞതായി കേന്ദ്രജലകമീഷൻ അറിയിച്ചു. ഹരിയാനയിലെ ഹാഥ്നിക്കുണ്ഡ് അണക്കെട്ടിൽ നിന്നും ജലനിരപ്പ് കുതിച്ചുയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്നമേഖലകളിൽ നിന്നും ആളുകളെ കൂട്ടത്തോടെ മാറ്റിപാർപ്പിക്കുന്നുണ്ട്. അതേസമയം, ഡൽഹിയിൽ മഴസാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താതിരുന്നത് തിരിച്ചടിയായെന്ന വിമർശവുമായി ലെഫ്.ഗവർണർ വി കെ സക്സേന രംഗത്തെത്തി. യമുനയിലെ ജലനിരപ്പ് ഉയരുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, അതിന് അനുസൃതമായ മുൻകരുതൽ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. റഓടകൾ സമയത്തിന് വൃത്തിയാകാത്തത് കനത്തവെള്ളക്കെട്ടിന് കാരണമായതായും ലെഫ്.ഗവർണർ വിമർശിച്ചു.
കനത്തമഴയിൽ ജലവിതരണപദ്ധതികളിൽ പലതും തകർന്നതോടെ ഹിമാചലിലെ ഷിംലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. ടാങ്കറുകളിലും മറ്റും ജലമെത്തിക്കാനുള്ള നീക്കങ്ങളുണ്ടെങ്കിലും പല മേഖലകളിലും ജലവിതരണം എത്തുന്നില്ലെന്ന് പരാതിയുണ്ട്.അമർനാഥ് യാത്ര തുടർച്ചയായ നാലാംദിവസവും നിർത്തിവെച്ചു. ജമ്മു–-ശ്രീനഗർ ദേശീയപാത അടച്ചതിനെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്.
വരുംദിവസങ്ങളിൽ 23 സംസ്ഥാനങ്ങളിലും കനത്തമഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പ്രധാന റോഡുകൾ ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. ഹിമാചലിലും മറ്റും മണിക്കൂറുകളുകളായി വാഹനങ്ങളിൽ കുടുങ്ങിയവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിമാചലിലും മറ്റും കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്നും അവരെ തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേകപ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ഭക്ഷണം ഉൾപ്പടെ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.