ലിയോയ്ക്ക് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി VJS50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. നിതിലൻ ആണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം, ത്രില്ലർ രീതിയിൽ ഒരുക്കുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണിതെന്നും ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
കന്നഡ ഇൻഡസ്ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി അജനീഷ് ലോക്നാഥ് ‘കാന്താര’ എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും അജനീഷ് സംഗീതം നൽകിയിരുന്നു. ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ) എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം. ശെൽവകുമാറാണ് പ്രൊജക്റ്റ് ഡിസൈനർ.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജി ജയറാമും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സീതാകാത്തി, അനബെല്ലെ സേതുപതി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷൻ ടീമിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ്. പി ആർ ഓ പ്രതീഷ് ശേഖർ.