തിരുവനന്തപുരം> കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികൾ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാർക്കും വേണ്ടിയുള്ള സെൻട്രൽ ഗവ. ഹെൽത്ത് സ്കീം(സിജിഎച്ച്എസ്) മിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ ആവശ്യമുന്നയിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് സിജിഎച്ച്എസ് അധികൃതർ ഉറപ്പ് നൽകി .
സിജിഎച്ച്എസ് ചികിൽസ നിരക്കുകൾ പരിഷ്കരിച്ചതോടെ കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികളെ സിജിഎച്ച്എസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ആരോഗ്യ– കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കൂടുതൽ സ്വകാര്യ ആശുപത്രികൾ സിജിഎച്ച്എസ് പദ്ധതിയിൽ എംപാനൽ ചെയ്യുന്നതിന് വേണ്ട നടപടികൾ എടുക്കുമെന്ന ഉറപ്പാണ് സിജിഎച്ച്എസ് അധികൃതർ നൽകിയത്.
ഡയഗ്നോസ്റ്റിക് സെൻററുകളും ഇമേജിംഗ് സെന്ററുകളും ഉൾപ്പെടെ 27 ആരോഗ്യ പരിപാലന സ്ഥാപനങ്ങൾ മാത്രമാണ് നിലവിൽ കേരളത്തിൽ സിജിഎച്ച്എസ് പദ്ധതിയിൽ എംപാനൽ ചെയ്തിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും തിരുവനന്തപുരത്താണ്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വളരെ കുറച്ച് ആശുപത്രികൾ മാത്രമാണ് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഈ ആരോഗ്യ പദ്ധതിക്ക് കീഴിലുള്ളത്. കുറഞ്ഞ നിരക്കുകൾ, ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം എന്നിവയും മറ്റും കാരണം കേരളത്തിൽ പ്രത്യേകിച്ച് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികൾ സിജിഎച്ച്എസ് പദ്ധതിയിൽ ഭാഗഭാക്കാവുന്നതിന് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു എന്ന് സിജിഎച്ച്എസ് അസീഷണൽ ഡയറക്ടർ എംപിയ്ക്ക് അയച്ച മറുപടി കത്തിൽ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ കേരളത്തിലെ സിജിഎച്ച്എസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ നേരിട്ട് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ സന്ദർശിച്ച് സിജിഎച്ച്എസ് പദ്ധതിയിൽ എംപാനൽ ചെയ്യുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും നിരവധി സ്വകാര്യ ആശുപത്രികൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഈ പദ്ധതിയിൽ അംഗങ്ങൾ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സിജിഎച്ച്എസ് അധികൃതർ അറിയിച്ചു. കൂടാതെ മലബാർ കാൻസർ സെന്ററിൽ നിന്നും സിജിഎച്ച്എസ് പെൻഷൻക്കാർക്ക് ക്രെഡിറ്റ് സൗകര്യം നൽകുന്നതിന് സമ്മതം അറിയിച്ചുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടെന്നും സിജിഎച്ച്എസ് അധികൃതർ അറിയിച്ചു.
ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും കൈയിൽ നിന്നും വലിയ തുകകൾ ഈ ഇനത്തിൽ ഈടാക്കിയ ശേഷവും വേണ്ടത്ര ചികിൽസാ സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നില്ല എന്ന വസ്തുത ഡോ. ജോൺ ബ്രിട്ടാസ് എംപി നിരവധി തവണ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. കേരളത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ സിജിഎച്ച്എസ് പദ്ധതിക്കു കീഴിൽ വരുന്നത് കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും കൂടുതൽ ഉപകാരപ്രദമാകുമെന്നും അതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ സിജിഎച്ച്എസ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.