ന്യൂഡൽഹി> കലാപത്തിന്റെ പിടിയിലുള്ള മണിപ്പുരിൽ ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണെന്നും കോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും സുപ്രീംകോടതി. ‘ഈ വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ട്. ക്രമസമാധാനപാലനത്തിന് സുപ്രീംകോടതിക്ക് നേരിട്ട് രംഗത്തിറങ്ങാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്തമാണത്’–- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങൾ കാരണം മണിപ്പുരിലെ സ്ഥിതി കൂടുതൽ വഷളാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. വിവിധ വിഭാഗങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ അഭിഭാഷകർ ജാഗ്രത പുലർത്തണം. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് മണിപ്പുർ സർക്കാർ സമർപ്പിച്ച പുതിയ തൽസ്ഥിതി റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ചശേഷം സമാധാനം പുനഃസ്ഥാപിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് കക്ഷികൾക്ക് നിർദേശിക്കാം. സംസ്ഥാന സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്ന് ഡൽഹിയിലെ മണിപ്പുർ ട്രൈബൽ ഫോറത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഡോ. കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. മെയ് പകുതിയിൽ 10 മരണമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടു–-അദ്ദേഹം പറഞ്ഞു.
രണ്ട് ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കുക്കി വിഭാഗത്തിന് സൈനിക സംരക്ഷണം ഒരുക്കണമെന്നാണ് ട്രൈബൽ ഫോറത്തിന്റെ ആവശ്യം. മെയ്ത്തികൾക്ക് പട്ടിക വർഗ പദവി നൽകണമെന്ന മണിപ്പുർ ഹൈക്കോടതി നിർദ്ദേശത്തിന് എതിരായാണ് മണിപ്പുർ നിയമസഭയുടെ ഹിൽസ് ഏരിയാസ് കമ്മിറ്റി (എച്ച്എസി) അധ്യക്ഷന്റെ ഹർജി. അതിനിടെ, ഭാഗീകമായി ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരായ മണിപ്പുർ സർക്കാരിന്റെ ഹർജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.