കോഴിക്കോട്> മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ നിയമ നടപടിയിൽ തെറ്റില്ലെന്ന് കെ മുരളീധരൻ എംപി. ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ് ഷാജൻ. വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ് തോന്നിയത്.
പി വി ശ്രീനിജൻ എംഎൽഎയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കേസിൽ മെറിറ്റ് ഉള്ളതുകൊണ്ടാണ് മുൻകൂർ ജാമ്യം തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.