ന്യൂഡൽഹി> രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ ഗുജറാത്തിൽനിന്നും ഈ വർത്തമാന കാലത്ത് നീതി പ്രതിക്ഷിക്കുന്നില്ലെന്നുംസുപ്രീംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്. മോദി വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി റദ്ദാക്കാൻ ഗുജറാത്ത് ഹെെക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
സൂറത്ത് സെഷൻ കോടതിയുടെ വിധിയിൽ ഇടപെടാൻ ഹെെക്കോടതി വിസമ്മതിച്ചു. അതോടെ വയനാട് എം പി സ്ഥാനത്തുള്ള രാഹൂൽ ഗാന്ധിയുടെ അയോഗ്യത തുടരും.ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനും വിലക്കുണ്ടാകും വിധിയറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.
അതേസമയം ഹെെക്കോടതി വിധിയിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി പറഞ്ഞു. 2019 ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചുവെന്നതാണ് കേസ്. സൂറത്ത് കോടതി 2 വർഷം തടവും 15000 രൂപ പിഴയുമാണ് ശിക്ഷിച്ചിരുന്നത്. 2023 മാർച്ച് 24ന് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയിരുന്നു.