അഹമ്മദാബാദ് > അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ഗുജറാത്ത് ഹെെക്കോടതി. കേസിൽ രാഹുലിന്റെ അയോഗ്യത തുടരുമെന്നും വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുലിനെതിരെ പത്തോളം കേസുകൾ വിവിധ കോടതികളിൽ പരിഗണനയിലുണ്ടെന്നും വേണമെങ്ിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി പറഞ്ഞു. ഇതോടെ വയനാട്ടിലെ ലോകസഭാംഗത്വത്തിൽ രാഹുലിന്റെ അയോഗ്യത തുടരും.
2019 ൽ കർണാടകത്തിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് രാഹുലിനെ ശിക്ഷിച്ചത്.
എല്ലാ കളളന്മാര്ക്കും മോദി എന്ന് പേരുവന്നതെങ്ങനെ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു പൂര്‍ണേഷ് മോദി കേസ് നല്‍കിയത്. പിന്നാലെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു. രണ്ട് വർഷത്തെ തടവാണ് കേസിൽ സൂറത്ത് കോടതി വിധിച്ചിരുന്നത്. വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വിധിയിൽ അത്ഭുതമില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.