തിരുവനന്തപുരം
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ദേശീയതലത്തിൽ കൃത്യമായ നിലപാട് എടുക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി നേതാക്കളുടെ പ്രതികരണം. ‘ഏക സിവിൽ കോഡിനെതിരെ കേരളത്തിൽ പ്രതിഷേധിക്കാൻ എഐസിസി അനുവദിച്ചു’ എന്നാണ് കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി താരിഖ് അൻവറും ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ സ്വരത്തിൽ പറഞ്ഞത്.
എന്നാൽ, ദേശീയതലത്തിലുള്ള ഒരു പ്രശ്നത്തിന് സംസ്ഥാനങ്ങൾക്കനുസരിച്ച് നയം പ്രഖ്യാപിക്കാനാകുമോ എന്ന ചോദ്യത്തിനാണ് കോൺഗ്രസ് ഉത്തരം നൽകേണ്ടത്.
മണിപ്പുരിലായിരുന്നതിനാൽ രാഹുൽ ഗാന്ധിയുമായും കെ സി വേണുഗോപാലുമായും ബന്ധപ്പെടാൻ കഴിയാത്തതുകൊണ്ടാണ് നയ– -സമരപരിപാടി വൈകുന്നതെന്നും സതീശൻ പറയുന്നു. രാജ്യത്ത് ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നുള്ള പ്രഖ്യാപനമാണ് ന്യൂനപക്ഷങ്ങളും ദളിതരുമടക്കമുള്ളവർ എഐസിസിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, കേരളത്തിൽമാത്രം സമരമായിക്കോ എന്ന രീതി കോൺഗ്രസ് കാപട്യം പുറത്തുകാട്ടുന്നതാണ്.
ഇടതുപക്ഷവും മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ഇക്കാര്യത്തിൽ സംശയത്തിന് ഇട നൽകാത്തവിധം നിലപാട് പ്രഖ്യാപിച്ച് മുന്നോട്ടുവന്നു. അതോടെയാണ് ദേശീയ നേതൃത്വത്തിൽനിന്ന് കേരളത്തിനു മാത്രമായി പ്രത്യേക അനുമതി വാങ്ങി ഏക സിവിൽ കോഡിനെ എതിർക്കേണ്ട ഗതികേട് വി ഡി സതീശനും കൂട്ടർക്കും വന്നത്. ‘തങ്ങളല്ല പറയേണ്ടത്, എഐസിസിയാണ് ഇക്കാര്യത്തിൽ കൃത്യമായ നിലപാടും സമരവും പ്രഖ്യാപിക്കേണ്ടത്’ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതുകൂടി കൂട്ടിവായിച്ചാൽ കോൺഗ്രസിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകും.
അഭിപ്രായം വൈകിയത്
നേതൃത്വം പറയാത്തതിനാൽ: വി ഡി സതീശൻ
ഏക സിവിൽ കോഡിൽ അഭിപ്രായം വൈകിയത് അഖിലേന്ത്യ നേതാക്കളെ ഫോണിൽ കിട്ടാത്തതുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. സീതാറാം യെച്ചൂരി പ്രതികരിച്ച ദിവസംതന്നെ കോൺഗ്രസ് വക്താവ് ജയറാം രമേഷും നിലപാട് വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരെ സമരം ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച് അഖിലേന്ത്യ നേതൃത്വത്തിന്റെ അംഗീകാരം വേണമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ മണിപ്പുരിലായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല. സമരം ദേശീയതലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്നറിയാനുള്ള താമസമാണുണ്ടായത്. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റിനും വ്യത്യസ്ത അഭിപ്രായമില്ല. ഏക സവിൽ കോഡ് ഇപ്പോൾ വേണ്ട. നമ്മുടെ സമൂഹം അതിനു പാകമായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
മറുനാടൻ മലയാളിക്കെതിരെ കേസെടുത്ത് പരിശോധന നടത്തിയ പൊലീസ് ദേശാഭിമാനി റിപ്പോർട്ടറുടെ വീട്ടിൽ പരിശോധന നടത്താത്തത് എന്താണ്. മോൻസണിന്റെ വീട്ടിൽ കെ സുധാകരൻ ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ മൊഴിയില്ല. എന്നിട്ടും അത്തരത്തിൽ വാർത്തയെഴുതിയ ദേശാഭിമാനി ലേഖകന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.